‘പ്രധാനമന്ത്രി സൌജന്യ ലാപ്ടോപ് വിതരണ യോജന’ എന്നപേരിൽ 15 ലക്ഷം പേരുടെ വിവരങ്ങൾ ചോർത്തിയ യുവാവ് അറസ്റ്റിൽ

single-img
3 June 2019

പ്രധാനമന്ത്രി രണ്ട് കോടി യുവാക്കൾക്ക് സൌജന്യമായി ലാപ്ടോപ് നൽകുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് അതുവഴി 15 ലക്ഷം ആളുകളുടെ വ്യക്തിവിവരങ്ങൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ നാഗോർ ജില്ലയിലുള്ള ദേഗാന സ്വദേശിയായ രാകേഷ് ജാംഗിർ എന്ന ഐഐടി ബിരുദധാരിയെയാണ് ഡൽഹി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ഡൽഹി പൊലീസിന്റെ സൈബർ സെൽ ആണ് ഐഐടി കാൺപൂർ ബിരുദധാരിയായ യുവാവിനെ നാഗോറിൽ നിന്നും അറസ്റ്റ് ചെയ്തത്. ഐപി അഡ്രസ് ഉപയോഗിച്ചാണ് ഇയാളെ കണ്ടെത്തിയത്.

“പ്രധാനമന്ത്രി മുഫ്ത് ലാപ്ടോപ് വിതരൺ യോജന” എന്ന പേരിൽ നരേന്ദ്ര മോഡി രണ്ടുകോടി യുവാക്കൾക്ക് സൌജന്യമായി ലാപ്ടോപ് വിതരണം ചെയ്യുന്നുവെന്നും അതിനായി ഒരു വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക വഴിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ചിത്രങ്ങളും വീഡിയോയുമടക്കം മെയ്ക്ക് ഇൻ ഇന്ത്യയുടെ ലോഗോയും ചേർത്ത് വാട്സാപ്പ് പോലെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ഇയാൾ ചെയ്തത്. കൂട്ടത്തിൽ ഒരു വ്യാജ വെബ്സൈറ്റിന്റെ ലിങ്കും നൽകി. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്തവരുടെയെല്ലാം വ്യക്തിവിവരങ്ങൾ ഇയാൾ ചോർത്തി.

ആളുകളുടെ വ്യക്തിവിവരങ്ങൾ കോർപ്പറേറ്റ് കമ്പനികളും ഓൺലൈൻ തട്ടിപ്പുകാരും വലിയ വില നൽകി വാങ്ങാറുണ്ട്.

തന്റെ വ്യാജ വെബ്സൈറ്റിലെ ഗൂഗിൾ ആഡ്സെൻസ് വഴി വെബ്സൈറ്റിലെ ക്ലിക്കുകൾക്കും ഇയാൾ പണം സമ്പാദിച്ചതായി ഡൽഹി പൊലീസ് സൈബർ സെല്ലിന്റെ ഡെപ്യൂട്ടികമ്മീഷണർ അന്യേഷ് റോയി ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തോട് പറഞ്ഞു.

ലോക്സഭാ തെരെഞ്ഞെടുപ്പിലെ ബിജെപിയുടെ വലിയ വിജയവും ഇയാൾ തന്റെ തട്ടിപ്പിനു മറയായി ഉപയോഗിച്ചു. പ്രധാനമന്ത്രിയുടെ പേരിലുള്ള പദ്ധതിയിയാണെന്ന് കണ്ട് ആളുകൾ വെബ്സൈറ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതുവരെ 15 ലക്ഷം പേരാണ് ഈ വെബ്സൈറ്റിൽ പേരു രജിസ്റ്റർ ചെയ്ത് തട്ടിപ്പിനിരയായത്.

ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചില്ലെന്നും മറിച്ച് ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ത്തരമൊരു വെബ്സൈറ്റിലേയ്ക്ക് (
www.modi-laptop.wishguruji.com ) നിരവധിയാളുകൾ ഇടിച്ചു കയറുന്നത് യാദൃശ്ചികമായി ശ്രദ്ധയിലെപ്പെട്ടതിനെത്തുടർന്നാണ് സൈബർ സെൽ ഈ കേസ് അന്വേഷിക്കുന്നതും കുറ്റവാളിയെ കണ്ടെത്തുന്നതുമെന്ന് സൈബർ സെൽ ഉദ്യോഗസ്ഥർ പറയുന്നു.

കൂടുതൽ ആളുകൾ ഈ തട്ടിപ്പിന്റെ ഭാഗമാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.