ബലാത്സംഗം ആവർത്തിക്കുന്ന കുറ്റവാളികൾക്ക് വധശിക്ഷ നൽകാനുള്ള വകുപ്പിന്റെ ഭരണഘടനാ സാധുത നിലനിർത്തി ബോംബേ ഹൈക്കോടതി

single-img
3 June 2019

ബലാത്സംഗക്കുറ്റം ആവർത്തിക്കുന്ന കുറ്റവാളികൾക്ക് മരണം വരെ തടവുശിക്ഷയോ വധശിക്ഷയോ നൽകാനുള്ള വകുപ്പിന്റെ ഭരണഘടനാ സാധുത നിലനിർത്തിക്കൊണ്ട് ബോംബേ ഹൈക്കോടതിയുടെ വിധി.

Support Evartha to Save Independent journalism

ജസ്റ്റിസുമാരായ ബി പി ധർമ്മാധികാരി, രേവതി മോഹിതെ ദേരെ എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ചാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 ഇ വകുപ്പിന്റെ ഭരണഘടനാ സാധുത നിലനിർത്തിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. തങ്ങൾക്ക് ലഭിച്ച വധശിക്ഷയിൽ ഇളവു നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് ശക്തിമിൽ കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികൾ സമർപ്പിച്ച അപ്പീലിന്മേലാണ് കോടതിയുടെ വിധി.

ഐപിസി 376 ഇ എന്ന വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് കോടതിയ്ക്ക് തോന്നുന്നില്ലെന്നും അതിനാൽ അതു നിലനിൽക്കുമെന്നും കോടതി പറഞ്ഞു.

2013 ഓഗസ്റ്റ് 22-നായിരുന്നു സൌത്ത് മുംബൈയിലെ മഹാലക്ഷ്മിക്കടുത്തുള്ള ശക്തി മിൽ കോമ്പൌണ്ടിൽ വെച്ച് നഗരത്തിലെ ഒരു പ്രമുഖ മാഗസിനിലെ ഫോട്ടോജേർണലിസ്റ്റായ 22 വയസുകാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്. വിജയ് ജാധവ്, മൊഹമ്മദ് കാസിം ബെംഗാളി, മൊഹമ്മദ് സലിം അൻസാരി എന്നിവരായിരുന്നു പ്രതികൾ. ഇതേവർഷം മറ്റൊരു കോൾസെന്റർ ജീവനക്കാരിയെ ഇതേസ്ഥലത്ത് വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിലും ഈ മൂന്നുപേരും പ്രതികളായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവർക്ക് സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.