അബ്ദുള്ളക്കുട്ടിയെ ‘വാഴ്ത്തി’ പി.എസ്.ശ്രീധരന്‍പിള്ളയും കേന്ദ്രമന്ത്രി വി മുരളീധരനും

single-img
3 June 2019

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ.പി.അബ്ദുള്ളക്കുട്ടി യാഥാര്‍ഥ്യം മനസിലാക്കിയെന്ന് ബിജെപി. നരേന്ദ്രമോദിയാണ് യഥാര്‍ഥ വികസന നായകനെന്ന് അബ്ദുള്ളക്കുട്ടി മനസിലാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.

മോദിയാണ് യഥാര്‍ഥ വികസന നായകനെന്ന് കരുതുന്നവര്‍ രണ്ട് മുന്നണികളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ ബിജെപിയിലെടുക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയതില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയെന്നത് ഒട്ടകപ്പക്ഷിയുടേതിന് സമാനമായ പ്രവൃത്തിയാണ്.

തല മൂടി വച്ചാല്‍ യാഥാര്‍ഥ്യം, യാഥാര്‍ഥ്യമല്ലാതാവുന്നില്ല, വി മുരളീധരന്‍ പറഞ്ഞു. ‘പണ്ട് ഗുജറാത്ത് മോഡല്‍ പറഞ്ഞതിന് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് മടിയില്ലായിരുന്നു. കോണ്‍ഗ്രസിന്റെ നരേന്ദ്രമോദി വിരുദ്ധ രാഷ്ട്രീയത്തിന് എതിരായി ചിന്തിക്കുന്നവര്‍ ആ പാര്‍ട്ടിയില്‍ ഒരുപാടുണ്ട്’ മന്ത്രി പറഞ്ഞു.

അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വരുമോ ഇല്ലയോ എന്ന് ഒരു സൂചനയും ഇല്ല. ബിജെപി യുടെ നയങ്ങളോട് യോജിക്കുന്ന ആര്‍ക്കും ബിജെപി യിലേക്ക് വരാമെന്നും വരാന്‍ താല്പര്യപ്പെട്ടാല്‍ പാര്‍ട്ടി ആലോചിക്കുമെന്നും വി മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.