എന്നെ പുറത്താക്കിയതുകൊണ്ട് നിങ്ങള്‍ രക്ഷപ്പെടുമെന്ന് വിചാരിക്കരുത്; ഞാനാണ് ശരിയെന്ന് കാലം തെളിയിക്കും: അബ്ദുള്ളക്കുട്ടി

single-img
3 June 2019

കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി എപി അബ്ദുള്ളക്കുട്ടി. താന്‍ തെറ്റ് ചെയ്തിട്ടില്ല. താനാണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന് എ പി അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. മോദിയെ വാഴ്ത്തിയതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രതികരണം.

തന്റെ ഫേസ്ബുക്ക് പോസ്റ്റ് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അതില്‍ എടുത്ത് നില്‍ക്കുന്നത് ഗാന്ധിജിയാണ്, മോദിയല്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഗാന്ധിജിയുടെ ആശയമാണ് മോദി പ്രാവര്‍ത്തികമാക്കിയതെന്നാണ് ഫേസ്ബുക്ക് പോസ്റ്റ് വിശദമാക്കുന്നത്.

കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ കാരണം മനസിലാക്കുന്നതിനോടൊപ്പം മുല്ലപ്പള്ളി ബിജെപിയുടെ വിജയത്തിന്റെ ഉയരം കൂടി പഠിക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ ചേര്‍ന്നത് സീറ്റ് മോഹിച്ചല്ല. വികസന വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്നും അബ്ദുള്ളക്കുട്ടി വിശദമാക്കി.

പോസിറ്റീവ് രാഷ്ട്രീയത്തിന്റെ ആളാണ് താന്‍. തിരുത്തല്‍ നടപടികള്‍ ഉണ്ടാവാന്‍ വേണ്ടിയാണ് വിമര്‍ശനമുയര്‍ത്തിയതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രിയ്‌ക്കെതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തിന്റെ അന്തസ്സ് കെടുത്തരുത്. കോണ്‍ഗ്രസില്‍ നിന്നുള്ള പുറത്താക്കല്‍ മുന്‍വിധിയോടുള്ള സമീപനമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

മോദി അനുകൂല പ്രസ്താവനയില്‍ എ.പി.അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത് വാര്‍ത്താക്കുറിപ്പിലൂടെയാണ് മാധ്യമങ്ങളെ അറിയിച്ചത്. മോദിയെ പ്രശംസിച്ച നിലപാടില്‍ നിന്ന് പിന്നാക്കം പോകാതിരുന്ന അബ്ദുള്ളക്കുട്ടി പരിഹാസത്തോടെയുള്ള മറുപടിയായിരുന്നു നല്‍കിയത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നടപടി. പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ അബ്ദുള്ളക്കുട്ടി അവഹേളിച്ചെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട സംഭവത്തില്‍ വിശദീകരണം ചോദിച്ച കെ.പി.സി.സിയെ പരിഹസിച്ച് എ.പി.അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ഒരു ഭാരവാഹിത്വവും വഹിക്കാത്ത തന്നോട് കെ.പി.സി.സി തന്നെയാണോ വിശദീകരണം ചോദിക്കേണ്ടത് എന്ന പരിഹാസത്തോടെയാണ് മറുപടി നല്‍കിയിരിക്കുന്നത്. പോസ്റ്റില്‍ ഉറച്ച് നില്‍ക്കുകയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.

കണ്ണൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് കെ.സുധാകരന്‍ പറഞ്ഞിട്ടും ഗുജറാത്ത് മോഡല്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ നിന്നും താന്‍ പിന്നോട്ട് പോയിട്ടില്ലെന്നും എന്നിട്ടും ആ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയ മറുപടിയില്‍ എ.പി.അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് വിളിച്ച് ചോദിക്കുന്നതിന് മുമ്പ് നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തിയതിനും പാര്‍ട്ടി മുഖപത്രം അക്ഷേപിച്ചതിനും എന്ത് ന്യായമാണ് ഉള്ളതെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.