പ്രവാസികൾക്ക് ഇരുട്ടടി

single-img
2 June 2019

റംസാനു ശേഷം യാത്രക്കാരെ കൊള്ളയടിച്ച് വിമാന കമ്പനികള്‍. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റിന് വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 10ആം തിയ്യതി ജോലിക്കെത്താവുന്ന രൂപത്തില്‍ ഈ മാസം 9ന് തിരിച്ചുപോവാനൊരുങ്ങിയവരാണ് അധിക പ്രവാസികളും.

ഇവരെ ലക്ഷ്യമിട്ടാണ് വിമാന കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടിയത്. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാന താവളങ്ങളില്‍ നിന്നും ജൂണ്‍ 9ന് വിവിധ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന വിമാനങ്ങളുടെ നിരക്കുകള്‍ നാല് മടങ്ങോളമാണ് വര്‍ദ്ധിപ്പിച്ചത്.

സാധാരണ 6,000 മുതല്‍ 12,000 രൂപവരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 14,000 മുതല്‍ 48,000 രൂപ വരെയായാണ് കൂടിയത്. ജൂണ്‍ ഒമ്പതിന് ദുബായിലേക്ക് കൊച്ചിയില്‍നിന്ന് 12,700, തിരുവനന്തപുരത്തുനിന്ന് 14,000, കോഴിക്കോട്ടുനിന്ന് 15,000 എന്നിങ്ങനെയാണ് നിരക്ക്.

അതേദിവസം കണ്ണൂരില്‍നിന്ന് 25,700 രൂപ നല്‍കണം. ജിദ്ദയിലേക്കിത് കൊച്ചിയില്‍നിന്ന് 14,100 രൂപയായിരിക്കുമ്പോള്‍ കണ്ണൂരില്‍നിന്ന് അതേദിവസം 48,500 രൂപയാണ് ഈടാക്കുന്നത്‌.

കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഏകദേശം ഒരേ നിരക്കില്‍ സര്‍വീസ് നടത്താന്‍ നേരത്തേ എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്ന സാഹചര്യത്തിലാണ് പല നിരക്കുകള്‍ ഈടാക്കുന്നതെന്നും ആരോപണമുണ്ട്.