പാർലമെന്റിൽ കോൺഗ്രസിനെ നയിക്കാൻ സോണിയാ ഗാന്ധി

single-img
1 June 2019

കോൺഗ്രസിന്റെ സംയുക്ത പാർലമെന്ററി പാർട്ടി അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരാൻ തീരുമാനം. മുൻ പ്രധാനമന്ത്രി ‍ഡോ. മൻമോഹൻ സിങ്ങാണു സോണിയയുടെ പേര് നിർദേശിച്ചത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷനാകും ലോക്സഭ, രാജ്യസഭ കക്ഷി നേതാക്കളെ തീരുമാനിക്കുക.

വോട്ടര്‍മാര്‍ പാര്‍ട്ടിയില്‍ അര്‍പ്പിച്ച വിശ്വാസം കാക്കണമെന്ന് എംപിമാരോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ 12.13 കോടി വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. അതിന് വോട്ടര്‍മാരോട് നന്ദി പറയുന്നതായും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സോണിയ പറഞ്ഞു.

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തിനൊപ്പം ലോക്സഭ കക്ഷിനേതാവുമാകണമെന്നാണ് എം.പിമാരുടെ അഭിപ്രായമെന്ന് കെ. മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. എന്നാൽ രാഹുൽ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

കോൺഗ്രസിനു ഇപ്പോഴും 52 എം.പിമാരുണ്ടെന്നും ഓരോ ദിവസവും നാം പാര്‍ലമെന്റില്‍ ബി.ജെ.പിയ്ക്ക് എതിരായി പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.

വിദ്വേഷ രാഷ്ട്രീയത്തിനെതിരായ കോണ്‍ഗ്രസ് നിലപാട് ഇനിയും തുടരും.  കോണ്‍ഗ്രസിന് ഇക്കുറി 52 എംപിമാര്‍ മാത്രമേയുള്ള എന്നാല്‍ ആത്മാര്‍ത്ഥമായ പോരാട്ടത്തിന് അന്‍പത്തിരണ്ട് പേര്‍ ധാരാളമാണ്.  സഭയില്‍ കിട്ടുന്ന സമയം ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമെന്നും ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി പോരാടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.  ആത്മ പരിശോധനയ്ക്കും പുനരുജ്ജീവനത്തിനുമുള്ള സമയമാണിത്. അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കാം എന്നാലും ശക്തമായി പ്രവർത്തകർ പോരാടണമെന്നും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.