രാഹുൽ ഗാന്ധിയ്ക്കൊപ്പം പാർലമെന്റിൽ വർഗീയതയ്ക്കെതിരെയുള്ള ശബ്ദമാകും: രമ്യ ഹരിദാസ്

single-img
1 June 2019

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയോടൊപ്പം പാർലമെന്റിൽ വർഗീയതയ്ക്കെതിരെയുള്ള ശബ്ദമാകുമെന്ന് ആലത്തൂർ നിയുക്ത എംപി രമ്യ ഹരിദാസ്. കാലിക്കറ്റ് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു രമ്യ.

മണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് പാർലമെന്റിൽ അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴും ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചിരുന്നു. പട്ടിക ജാതി, പട്ടികവർഗ വിഭാഗങ്ങൾ ഏറെയുള്ള മണ്ഡലമാണ്. പാർലമെന്റിൽ താൻ അവരുടെ മുഖമായിരിക്കുമെന്നും രമ്യ പറഞ്ഞു. 

രാഷ്ട്രീയത്തിനതീതമായാണ് ആലത്തൂരുകാർ തനിക്കു വോട്ടു ചെയ്തത്. അത് അവരുടെ നൻമയാണ്. പ്രചാരണത്തിൽ താൻ പറഞ്ഞ രാഷ്ട്രീയം ജനപക്ഷത്തിന്റേതാണെന്നും ഗാന്ധിജിയെയും നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയുമാണ് താൻ ഉയർത്തിക്കാട്ടിയതെന്നും രമ്യ പറഞ്ഞു.

വർഗീയതയ്ക്കെതിരെയും താൻ സംസാരിച്ചു. റോഡ് ഷോയുടെ സമയത്ത് സഹോദരിമാരുടെ നീണ്ടനിരയാണ് തനിക്കായി കാത്തുനിന്നത്. അവരുടെ ഇടയിൽ ലഭിച്ച സ്വീകാര്യതയിൽ വലിയ സന്തോഷമുണ്ടെന്നും പറഞ്ഞു.

ദീപ നിഷാന്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാവരും ബഹുമാനിക്കുന്ന ആളാണ് ടീച്ചറെന്നായിരുന്നു മറുപടി. ടീച്ചറോ ടീച്ചറിന്റെ പോസ്റ്റോ ഇപ്പോൾ തന്റെ മനസ്സിലില്ല. എ.വിജയരാഘവന്റെ പരാമർശത്തിൽ വനിതാ കമ്മിഷൻ തന്നോടു നീതികാണിച്ചോയെന്ന് അവരാണ് ആത്മപരിശോധന നടത്തേണ്ടതെന്നും പറഞ്ഞു. പാട്ടുപാടുന്നത് തുടരും. ഡൽഹിയിൽ ആവശ്യമെങ്കിൽ പാടാൻ ഹിന്ദി പാട്ടുകളും അറിയാമെന്നും രമ്യ പറഞ്ഞു.