മോദി സർക്കാരിൽ വീണ്ടും വ്യാജ ഡിഗ്രി: മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ഡോക്ട്രേറ്റ് വ്യാജം

single-img
1 June 2019

രണ്ടാം മോദി മന്ത്രിസഭയിലും വ്യാജഡിഗ്രി വിവാദം. നരേന്ദ്രമോദി മന്ത്രിസഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്‍റെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ആരോപണം.

ഇന്ത്യാ ടുഡേയാണ് രമേഷ് പൊഖ്രിയാലിന്‍റെ പേരിലുള്ള രണ്ട് ഡോക്ടറേറ്റുകൾ വ്യാജമാണെന്ന് റിപ്പോർട്ട് ചെയ്യുന്നത്.

രമേഷ് പൊഖ്രിയാലിന്‍റെ പേരിലുള്ള രണ്ട് ഡി-ലിറ്റ് ബിരുദങ്ങൾ ഓപ്പൺ ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് കൊളംബോ എന്ന ശ്രീലങ്കൻ സർവകലാശാലയുടെ പേരിലാണ്. സാഹിത്യത്തിലെ സംഭാവനകൾ പരിഗണിച്ച് 1990ൽ കൊളംബോ ഓപ്പൺ സർവകലാശാല ഡി ലിറ്റ് ബിരുദം നൽകിയെന്നാണ് രമേഷ് പൊഖ്രിയാലിന്‍റെ ബയോ ഡാറ്റയിൽ പറയുന്നത്. പിന്നീട് ശാസ്ത്രത്തിലുള്ള ഇദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് ഒരു ഡിലിറ്റ് ബിരുദം കൂടി ഈ സർവ്വകലാശാല നൽകിയെന്നും അദ്ദേഹം അവകാശപ്പെടുന്നു.

എന്നാൽ ശ്രീലങ്കയിൽ ഇങ്ങനെയൊരു സർവകലാശാല തന്നെ ഇല്ലെന്നാണ് റിപ്പോർട്ട്. ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് കൊളംബോ എന്നത് ശ്രീലങ്കയിൽ തദ്ദേശ സർവ്വകലാശാലയായോ വിദേശ സർവ്വകലാശാലയായോ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഒന്നല്ല.

രമേഷ് പൊഖ്രിയാലിന്‍റെ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം കഴിഞ്ഞവർഷം ഡെറാഡൂണിൽ നൽകിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിലെ വിവരങ്ങൾ അപൂർണ്ണമായിരുന്നു. മാത്രമല്ല, വിവരാവകാശ നിയമപ്രകാരം ലഭിച്ച രമേഷ് പൊഖ്രിയാലിന്‍റെ ബയോ ഡാറ്റയിലുള്ള ജനന തീയതിയും പാസ്പോർട്ടിലെ ജനനതീയതിയും യോജിക്കുന്നില്ലെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയും വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കെതിരെയും വ്യാജ ഡിഗ്രി ആരോപണങ്ങൾ ഉയർന്നിരുന്നു.

ramesh pokhriyal fake degree row