ആര്‍എസ് എസ് യുഡിഎഫിന് വോട്ടുമറിച്ചു, തീവ്രവാദ നിലപാടുള്ളവരെയും മുസ്ലിം ലീഗ് കൂടെ കൂട്ടി: കോടിയേരി ബാലകൃഷ്ണന്‍

single-img
1 June 2019

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നേരിട്ട പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ശരിയായിരുന്നു എന്നും ആ നിലപാടെ എടുക്കാന്‍ കഴിയുകയുള്ളൂ എന്നും കോടിയേരി പറഞ്ഞു.

‘പ്രതിപക്ഷത്തെ കോണ്‍ഗ്രസും ബിജെപിയും ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി ആദ്യം സ്വാഗതം ചെയ്തു. തുടര്‍ന്ന് സമുദായ സംഘടനകളുടെ സമ്മര്‍ദ്ദം മൂലം നിലപാടുമാറ്റി. കേരളാ സര്‍ക്കാരിന്റെ നിലപാടിനെതിരെ വീടുകള്‍ തോറും ഇരുകൂട്ടരും പ്രചരണം നടത്തി. ഇവരുടെ ഈവേലയില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇതിനെ തുറന്നുകാട്ടാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ലെ’ന്നും കോടിയേരി പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം ബൂത്തുതലം മുതല്‍ ആഴത്തില്‍ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു. ‘പരാജയപ്പെടാന്‍ ഓരോ സ്ഥലത്തും വ്യത്യസ്ത കാരണങ്ങള്‍ ഉണ്ട്. കേന്ദ്രത്തിലെ മോദി വിരുദ്ധ പ്രചാരണത്തിന്റെ നേട്ടം കൊയ്തത് യുഡിഎഫാണ്. ഇടതുപക്ഷവുമായി ശത്രുത ഇല്ലാത്തവരും യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തു. അതുപോലെ മാധ്യമസര്‍വേകളും അവര്‍ക്ക് അനുകൂലമായെ’ന്ന് കോടിയേരി പറഞ്ഞു.

ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ആര്‍ എസ് എസ്, യുഡിഎഫിന് വോട്ടുമറിച്ചു. തെരഞ്ഞെടുപ്പില്‍ എങ്ങിനെയും എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന ഒറ്റ അജന്‍ഡയായിരുന്നു ആര്‍എസ് എസിനും ബിജെപിക്കുമെന്നും കോടിയേരി ആരോപിച്ചു.തെരഞ്ഞെടുപ്പില്‍ മുസ്‌ലീം ലീഗ് മറ്റു മുസ്‌ലീം സംഘടനകളെ ഏകോപിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ആര്‍എസ്എസ് ഹിന്ദു ധ്രൂവീകരണത്തിന് ശ്രമിച്ചപോലെ ലീഗ് മുസ്‌ലീം ധ്രുവീകരണത്തിനാണ് ശ്രമിച്ചത്. അതിനായി തീവ്രവാദ നിലപാടുള്ളവരെയും ലീഗ് കൂടെ കൂട്ടിയെന്നും കോടിയേരി ആരോപിച്ചു.