ഹൈസ്ക്കൂൾ- ഹയർസെക്കണ്ടറി ലയനം; ഖാദർ കമ്മീഷന്‍ റിപ്പോർട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

single-img
1 June 2019

സംസ്ഥാനത്തെ ഹൈസ്ക്കൂൾ- ഹയർസെക്കണ്ടറി ഏകീകരണം ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് കേരളാ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതനുസരിച്ച് ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ സ്കൂള്‍ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. മാത്രമല്ല, ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷനായിരിക്കും ഇനി മുതല്‍ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല.

നിലവില്‍ തുടരുന്ന എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സംവിധാനം ഇനിയും മാറ്റമില്ലാതെ തുടരും. ഭരണ തലത്തില്‍ മാത്രമായിരിക്കും മാറ്റം. എന്നാല്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. ഹയർ സെക്കണ്ടറി വരെയുള്ള സ്കൂളുകളിൽ പ്രിൻസിപ്പലായിരിക്കും ഭരണാധികാരി.

ഹൈസ്കൂള്‍ ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പലാകും. കൂടിയാലോചനകള്‍ നടത്തിയില്ല എന്ന് ആരോപിച്ചുകൊണ്ട്‌ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സമര ഭാഗമായി പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സംസ്ഥാന ജില്ലാതല പ്രവേശനോൽസവം ബഹിഷ്കരിക്കും. അതിന് പുറമേ ഈ മാസം 20ന് നിയമസഭാ മാർച്ചും നടത്തും. സംഘടനകള്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്.