ബാലഭാസ്കറിന് അപകടമുണ്ടായ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടിരുന്നു: വെളിപ്പെടുത്തലുമായി കലാഭവൻ സോബി

single-img
1 June 2019

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയേറുന്നു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തലുമായി കലാഭവൻ ട്രൂപ്പിലെ ഡയക്ടറും സീനിയർ റെക്കോർഡിസ്റ്റുമായ സോബി ജോർജ് രംഗത്ത്.

അപകടം നടന്ന സമയത്ത് തിരുനൽവേലിക്ക് പോവുകയായിരുന്ന സോബി, റോഡിന്റെ വലതുഭാഗത്തും, ഇടതുഭാഗത്തും കൂടി വളരെ ധൃതിയിൽ നടന്ന് പോകുന്ന ഒരാളെയും ബൈക്ക് സ്റ്റാർട്ട് ചെയ്യാതെ ബൈക്കിൽ ഇരുന്ന് ഉന്തി കൊണ്ട് പോവുകയായിരുന്ന മറ്റൊരാളെയും കണ്ടതായി പറയുന്നു. അപകടം പറ്റിയ ആരുടേയെങ്കിലും സ്വന്തക്കാരെന്ന് കരുതി സഹായത്തിന് ചെന്നങ്കിലും അവർ നിരസിക്കുകയും ചെയ്തതായി സോബി പറയുന്നു.

കഴക്കൂട്ടത്ത് എത്തിയപ്പോഴാണ് വാഹനാപകടത്തിൽ പരിക്കേറ്റത് ബാലഭാസ്‌കർ ആണെന്ന വിവരം സോബി ജോർജ് അറിയുന്നത്. ദിവസങ്ങൾ കഴിഞ്ഞ് മരണത്തിലെ ദുരൂഹത പലരും പറഞ്ഞു. ഇതേ തുടർന്നാണ് സോബി തനിക്കുണ്ടായ സംശയം സുഹൃത്തും, ഗായകനുമായ മധു ബാലകൃഷ്ണനെ ഫോണിൽ വിളിച്ച് അറിയിച്ചത്. ബാലഭാസക്കറിന്റെ മാനേജർ പ്രകാശ് തമ്പിയെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിക്കാൻ മധു ബാലകൃഷ്ണൻ പറയുകയും ചെയ്തു. പ്രകാശ് തമ്പിയെ വിളിച്ച് സോബികാര്യങ്ങൾ പറഞ്ഞെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല. അൽപ്പസമയം കഴിഞ്ഞ് തിരിച്ച് വിളിച്ച പ്രകാശ് തമ്പി വേറെ ആരോടെങ്കിലും കാര്യങ്ങൾ പറഞ്ഞോ എന്നും തിരിച്ച് ചോദിച്ചതായും സോബി പറഞ്ഞു.

ബാലഭാസ്‌ക്കറിന്റെ മുൻ മാനേജറായ പ്രകാശ് തമ്പിയെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രകാശ് തമ്പിക്ക് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധമുണ്ടോ എന്ന സംശയം ഉയർന്നത്. ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡിആർഐ ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി, വിഷ്ണു എന്നിവർ ബാലഭാസ്‌ക്കറിന്റെ മാനേജർമാരായിരുന്നവെന്ന തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമെന്ന് വ്യക്തമാക്കി ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി നേരത്തേ രംഗത്തെത്തിയിരുന്നു. ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ അവർ നടത്തിയിരുന്നുവെന്നും അതിനുള്ള പ്രതിഫലവും നൽകിയിരുന്നുവെന്നും ലക്ഷ്മി പറഞ്ഞിരുന്നു. അതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും അവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. അതേസമയം, പ്രകാശ് തമ്പിക്ക് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അച്ഛൻ കെ സി ഉണ്ണി പറയുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.