ഇവിഎം ക്രമക്കേട്; പ്രതിപക്ഷത്തെയും ജനങ്ങളെയും ബോധ്യപ്പെടുത്താനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്: മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

single-img
1 June 2019

രാജ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കാനുളള ബാധ്യത തെരഞ്ഞെടുപ്പു കമ്മീഷനുണ്ടെന്ന് മുന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍ എസ് വൈ ഖുറേഷി. എങ്കിലും ഒരുതരത്തിലും വിവിപാറ്റ്-ഇവിഎം സിസ്റ്റത്തില്‍ അട്ടിമറി നടക്കാനുള്ള സാധ്യതയില്ല എന്നും അദ്ദേഹം പറയുന്നു.

‘ഒരിക്കലും മെഷീന് വ്യത്യസ്ത കണക്കുകള്‍ കാണിക്കാന്‍ കഴിയില്ല. ഓരോ തവണയും നിങ്ങള്‍ ബട്ടന്‍ പ്രസ് ചെയ്യുമ്പോഴും അതില്‍ സമാനമായ കണക്കുകളാണുണ്ടാവുക. എനിക്ക് ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ മനസിലാവുന്നില്ല. എങ്കില്‍കൂടി പ്രതിപക്ഷത്തെയും ജനങ്ങളെയും പൂര്‍ണമായി ബോധ്യപ്പെടുത്താനുള്ള ബാധ്യത തെരഞ്ഞെടുപ്പു കമ്മീഷനുണ്ട്. നമ്മള്‍ ജനങ്ങളെ ഒപ്പം നിര്‍ത്തേണ്ടതുണ്ട്.’ അദ്ദേഹം അറിയിച്ചു.

.‘വോട്ടിംഗ് മെഷീന്‍ അട്ടിമറിക്കാമെന്ന് ഇതുവരെ ആരും തെളിയിച്ചിട്ടില്ല. ഇപ്പോള്‍ വിവിപാറ്റുകള്‍ കൊണ്ടുവന്നതോടെ അത്തരമൊരു സാധ്യത പൂര്‍ണമായി ഇല്ലാതാവുകയാണ്.’ അദ്ദേഹം പറഞ്ഞു.
തിരികെ ബാലറ്റിലേക്കു പോകണമെന്ന ആവശ്യത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ബാലറ്റ് പേപ്പര്‍ എന്ന സമ്പ്രദായത്തിലേക്ക് തിരിച്ചുപോകുന്ന ചോദ്യമുദിക്കുന്നില്ല. നമ്മള്‍ ഇപ്പോള്‍ ഉള്ള വിവിപാറ്റ് ഇവിഎം സിസ്റ്റം പരിഷ്‌കരിക്കുകയാണ് വേണ്ടത്.’ അദ്ദേഹം പറഞ്ഞു.