വോട്ടിംഗ് മെഷീനില്‍ ക്രമക്കേടില്ലെന്ന് പറയുന്നവര്‍ ഏക സിവില്‍ കോഡിനേയും പിന്തുണയ്ക്കും; ഇവിഎം ക്രമക്കേട് വിവാദത്തില്‍ മുസ്ലിം ലീഗില്‍ ഭിന്നത

single-img
1 June 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലക്ടോണിക് വോട്ടിങ് മെഷീനുകള്‍ സുതാര്യമാണെന്ന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ വാദങ്ങളെ ചൊല്ലി മുസ്‍ലിം ലീഗില്‍ ഭിന്നത. മെഷീനില്‍ ക്രമക്കേട് ഉണ്ടെന്ന് പറയുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന ഫിറോസിന്റെ നിലപാടിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍ രംഗത്ത് വന്നു. മെഷീനില്‍ ക്രമക്കേടില്ലെന്ന് പറയുന്നവര്‍ ഏക സിവില്‍ കോഡിനേയും പിന്തുണയ്ക്കുമെന്ന് മുഈനലി പറ‍ഞ്ഞു.

എന്‍ഡിഎ തുടര്‍ച്ചയായി വീണ്ടും അധികാരത്തില്‍ എത്തിയതിനെ പിന്നാലെയായിരുന്നു ഇവിഎം ക്രമക്കേട് ഉണ്ടെന്ന് പറയുന്നത് ജനാധിപത്യ ദുര്‍ബലപ്പെടുത്തുമെന്ന നിലപാടുമായുള്ള പികെ ഫിറോസിന്റെ രംഗ പ്രവേശനം. ആര്‍എസ്എസിന്റെ കെണിയില്‍ വീണ പ്രതിപക്ഷത്തിന് മോദി സര്‍ക്കാരിനെതിരായ ജനവികാരത്തെ പ്രചരണ രംഗത്ത് ഉപയോഗപ്പെടുത്താനാകാതെ പോയെന്നുമായിരുന്നു ഫിറോസിന്റെ വാദം.

തെരഞ്ഞെടുപ്പില്‍ ഇവിഎം ക്രമക്കേടുകളില്ലെന്ന് ഫിറോസ് ആവര്‍ത്തിച്ചു വിശദീകരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ലീഗ് അണികള്‍കള്‍ തന്നെ ഫിറോസിന് മറുപടിയായി രംഗത്ത് എത്തി. തുടര്‍ന്നാണ് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍ തന്നെ ഫിറോസിനെ പരസ്യമായി തിരുത്തിയത്. ഫിറോസിനെതിരെ ശക്തമായ ഭാഷയിലായിരുന്നു കെഎം ഷാജി എംഎല്‍എയുടെ മറുപടി. ഫാസിസത്തിന് അറിഞ്ഞുകൊണ്ട് കീഴടങ്ങുന്നതാണ് ഇവിഎമ്മിനെ അനുകൂലിച്ചുള്ള വാദങ്ങളെന്നായിരുന്നു ഷാജിയുടെ നിലപാട്.

പ്രധാനമന്ത്രി മോദി മഹാനാണെന്ന പ്രചാരണം പോലെ തന്നെ അത്ര നിഷ്കളങ്കമല്ല ഇവിഎം ന്യായീകരണമെന്നും കൂടി ഷാജി കുറ്റപ്പെടുത്തുകയും ചെയ്തു. ഇതുപോലുള്ള പ്രസ്താവനങ്ങള്‍ നടത്തരുതെന്ന് നേരത്തെ നിര്‍ദേശം നല്‍കിയ കാര്യം കൂടി മുഈനലി തങ്ങള്‍ ചൂണ്ടികാട്ടിയത് ഫിറോസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്.