രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്ന 373 മണ്ഡലങ്ങളില്‍ ഇവിഎം ക്രമക്കേട്; പോള്‍ ചെയ്ത വോട്ടിലും കൂടുതല്‍ കണ്ടെത്തി; റിപ്പോര്‍ട്ടുമായി ‘ദി ക്വിന്റ്’

single-img
31 May 2019

രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന 373 മണ്ഡലങ്ങളില്‍ ഇവിഎമ്മുകളിലെ ആകെ വോട്ടിലും പോള്‍ ചെയ്ത വോട്ടിലും ക്രമക്കേടുണ്ടെന്ന് റിപ്പോര്‍ട്ട്.ജനങ്ങൾ പോള്‍ ചെയ്ത വോട്ടിനേക്കാള്‍ കൂടുതലാണ് പലയിടത്തും മെഷീനിൽ എണ്ണിയ വോട്ടുകള്‍.

തെരഞ്ഞെടുപ്പ് നടന്ന ഓരോ മണ്ഡലങ്ങളിലും ആകെ പോള്‍ ചെയ്ത വോട്ടും വോട്ടിംഗ് മെഷീനുകളിൽ നിന്നും എണ്ണിയ വോട്ടും തമ്മില്‍ താരതമ്യപ്പെടുത്തി ദി ക്വിന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്.

പൊതുതെരഞ്ഞെടുപ്പിലെ ആദ്യത്തെ നാല് ഘട്ട പോളിങ്ങില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ 373 മണ്ഡലങ്ങളില്‍ 220 എണ്ണത്തില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ എണ്ണിയിട്ടുണ്ട്. പക്ഷെ ഇവിടങ്ങളില്‍ കുറഞ്ഞ വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ത്രിപുര, ഒഡീഷ എന്നിവിടങ്ങളിൽ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറഞ്ഞ വോട്ടുകളാണ് മെഷീനിൽ എണ്ണിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്‌നാട്ടിൽ കാഞ്ചീപുരം, ധര്‍മപുരി, ശ്രീപെരുംപുതൂര്‍, ചെന്നൈ സൗത്ത്, തിരുവള്ളൂര്‍, യുപിയിൽ മാതുര, ബീഹാറിലെ ഔറംഗാബാദ്, അരുണാചലിൽ പശ്ചിമ അരുണാചല്‍ എന്നീ മണ്ഡലങ്ങളില്‍ 7000 ത്തില്‍ കൂടുതല്‍ വോട്ടുകള്‍ മെഷീനിൽ നിന്നും പോൾ ചെയ്തതിൽ കൂടുതലായി വോട്ടുകൾ എണ്ണിയിട്ടുണ്ട്. കാഞ്ചീപുരം മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടുകള്‍ 12,140,86 ആണ്. എന്നാൽ മെഷീനിൽ നിന്നും എണ്ണിയത് 12,324,17 വോട്ടുകള്‍. 18,331 വോട്ടുകള്‍ കൂടുതൽ.

അതേപോലെ ധര്‍മപുരി മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടുകള്‍ 11,944,40 ആണ്. എന്നാൽ മെഷീനിൽ എണ്ണിയത് 12,123,11 വോട്ടുകളാണ്. 17,871 വോട്ടുകള്‍ കൂടുതൽ. ശ്രീപെരുംപുതൂര്‍ മണ്ഡലത്തില്‍ പോള്‍ ചെയ്തത് 13,886,66 വോട്ടുകളാണ്. മെഷീനിൽ നിന്നും എണ്ണിയത് 14,031,78 വോട്ടുകളാണ്. 14,512 വോട്ടുകള്‍ കൂടുതൽ.

തങ്ങൾ കണ്ടെത്തിയ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുത്തി മെയ് 27നു തെരഞ്ഞെടുപ്പ് കമ്മീഷന് ക്വിന്റ് ഇ-മെയില്‍ അയച്ചിരുന്നു. അപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പൂര്‍ണമല്ല. പിന്നീട് തിരുത്തും എന്ന മറുപടിയാണ് കമ്മീഷന്‍ നല്‍കിയത്.