കുടിലും സൈക്കിള്‍ റിക്ഷയും മാത്രമല്ല; സംഘ പരിവാര്‍ അക്രമങ്ങളുടെ കണക്കെടുപ്പില്‍ പ്രതാപ് ചന്ദ്ര സാരംഗിക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനവുമുണ്ട്

single-img
31 May 2019

പുതിയ കേന്ദ്രമന്ത്രിമാരിൽ ഒരാൾക്ക് സ്വന്തമായുള്ളത് കൊച്ചു കുടിലും സൈക്കിളും. മീഡിയ ആഘോഷിച്ച വാർത്തയാണ് അത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വോട്ട് ചോദിച്ച് ജനങ്ങളെ കണ്ടത് ഓട്ടോറിക്ഷയില്‍. ഇത് പ്രതാപ് ചന്ദ്ര സാരംഗി. എന്നാൽ, പ്രതാപ് ചന്ദ്ര സാരംഗിയുടെ ഭൂതകാലം അത്ര കയ്യടിയര്‍ഹിക്കുന്നതല്ല.

1999 ല്‍ നടന്നതും ലോകം മുഴുവൻ വാർത്തയായതുമായ സംഭവമായിരുന്നു ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ട് കുട്ടികളുടെയും ക്രൂരമായ കൊലപാതകം. ബജ്‌റംഗ്ദള്‍ അവരെ ജീവനോടെ കത്തിച്ചുകൊന്നുകളഞ്ഞപ്പോൾ സംഘടനയുടെ സംസ്ഥാന നേതാവായിരുന്നയാളാണ് പ്രതാപ് ചന്ദ്ര സാരംഗി. ഈ കൊലപാതകത്തിൽ ദാരാ സിങ്ങുള്‍പ്പടെ ബജ്‌റംഗ് ദള്‍ അംഗങ്ങളായ 12 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. കോടതി വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ ശിക്ഷ വെട്ടി കുറക്കുകയും ചെയ്തു.

അതേപോലെ തന്നെ 2002ല്‍ പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് സംഘ പരിവാര്‍ രാജ്യത്ത് നടത്തിയ അക്രമങ്ങളുടെ ഭാഗമായി ഒറീസ അസംബ്ലി ആക്രമിക്കുകയും പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്ത കേസിലും പ്രതാപ് ചന്ദ്ര സാരംഗി പ്രതിയാണ്.