വയനാട് മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിൽ കണ്ട് നന്ദിപറയാൻ രാഹുൽ ഗാന്ധി എത്തുന്നു

single-img
31 May 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ച വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറയാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരുന്നു. അടുത്ത ആഴ്ചയിലെ വെള്ളി,ശനി ദിവസങ്ങളില്‍ മണ്ഡലത്തില്‍ താമസിച്ച് കൊണ്ട് രാഹുല്‍ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയും.

ലോക്സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ പരാജയത്തെ തുടര്‍ന്നു എഐസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കും എന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ഇതുവരെ ഡല്‍ഹിക്ക് പുറത്തു പോയിട്ടില്ല. രാഹുലിനെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെ ആരേയും കാണാന്‍ രാഹുല്‍ തയ്യാറായിട്ടുമില്ല.

പാര്‍ട്ടിയുടെ നേതൃസ്ഥാനത്തില്‍ ആരാകുമെന്നതില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് കേരളത്തിലേക്കുള്ള രാഹുലിന്‍റെ വരവ്. താന്‍ പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിന് വേണ്ടിയുള്ള രാഹുല്‍ ഗാന്ധി – വയനാട് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശന വിവരം സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്.