അട്ടപ്പാടിയിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ ആനക്കൊമ്പ് കണ്ടെത്തി; പിന്നിൽ ആനവേട്ട സംഘമെന്ന് സംശയം

single-img
31 May 2019

അട്ടപ്പാടിയിലെ അഗളി നായ്ക്കർപാടിയിയില്‍ കുഴിച്ചിട്ട നിലയിൽ ആനക്കൊമ്പുകൾ കണ്ടെത്തി.പിന്നില്‍ ആനവേട്ട സംഘമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവിടെയുള്ള കൃഷിയിടത്തിലെ ഷെഡിൽ നിന്നാണ് ആനക്കൊമ്പുകൾ കണ്ടെത്തിതയത്. പൂട്ടിയിടപ്പെട്ട ഷെഡിൽ ചാക്കിൽ കെട്ടി തറയിൽ കുഴിച്ചിട്ട രീതിയിലായിരുന്നു ഇവ.

ഏകദേശം 65 സെന്റീമിറ്റർ വരെ നീളമുളള കാലപ്പഴക്കമുളള കൊമ്പുകളാണ് കണ്ടെത്തിയത്. അഗളി പോലീസ് കസ്റ്റഡിയിലെടുത്ത ആനക്കൊമ്പുകൾ വനംവകുപ്പിന് കൈമാറി. ഏതാനും മാസങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിലേക്ക് ആനക്കൊമ്പ് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ ആനകൊമ്പുകളും ഇവരുമായി ബന്ധമുളളതാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

അട്ടപ്പാടിയെ കേന്ദ്രീകരിച്ച് ആനക്കൊമ്പ് വിൽപ്പനക്കാരുടെ സംഘം സജീവമെന്ന് സൂചനയുണ്ട്. രണ്ടുവർഷം മുന്‍പും ഇവിടെ ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ചവരുടെ സംഘത്തെ പിടികൂടിയിരുന്നു. അടുത്തിടെ സൈലന്റ് വാലി വനമേഖലയിൽ മാസങ്ങൾക്ക് മുമ്പ് ആനവേട്ട നടത്തിയ സംഘം പിടിലായതും ഇതിനോടൊപ്പം കാണമെന്നാണ് പോലീസ് പറയുന്നത്.