ചിലരുടെ പ്രചാരണത്താല്‍ വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടു;ശബരിമലയെ പരാമർശിക്കാതെ സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്

single-img
31 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിൽ ശബരിമലയുടെ പേരെടുത്തു പറയാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിപ്പിച്ച റിപ്പോർട്ടിൽ ശബരിമല തെരഞ്ഞെടുപ്പിൽ പരാജയ കാരണമായെന്ന നേരിട്ടുള്ള പരാമർശമില്ല.

അതിന് പകരം ചിലരുടെ പ്രചാരണത്താല്‍ വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് ചൂണ്ടിക്കാണിചിരിക്കുന്നത്. മാത്രമല്ല, നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ അടിയന്തര നടപടി വേണമെന്നും റിപ്പോർട്ട്നിര്‍ദേശിക്കുന്നു. കേന്ദ്രത്തിൽ മോദി സര്‍ക്കാരിനെ തടയാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന ചിന്തയില്‍ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത് തിരിച്ചടിയായതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

രാജ്യത്തിന്റെ ദേശീയ രാഷ്ട്രീയം ജനങ്ങളെ സ്വാധീനിച്ചു. അതേസമയം എന്തുകൊണ്ട് ഇടതുപക്ഷം ജയിക്കണം എന്നതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാതെകൂടി വന്നതോടെ പരമ്പരാഗത വോട്ടുകളും ചോര്‍ന്നു. ഇക്കാര്യത്തിൽ സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് തലംവരെ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടിയേരി സമർപ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന സമിതിയുടെ ചര്‍ച്ച തുടരുകയാണ്. യോഗം നാളെ അവസാനിക്കും.