കര്‍ഷക പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒപ്പം നിൽക്കണം; രാഹുല്‍ഗാന്ധിയുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
31 May 2019

തന്റെ മണ്ഡലമായ വയനാട്ടിൽ നടന്ന കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധി നല്‍കിയ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. കാർഷിക കടങ്ങള്‍ക്ക് സംസ്ഥാനം ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല കര്‍ഷക പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു.

കടം തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ പനമരം പഞ്ചായത്തില്‍ വി ദിനേശ് കുമാര്‍ എന്ന കർഷകൻ ആത്മഹത്യ ചെയ്തതിലാണ് രാഹുല്‍ഗാന്ധി മുഖ്യമന്ത്രിക്ക് അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചത്.

താൻ കർഷകന്റെ ഭാര്യയുമായി ഫോണില്‍ സംസാരിച്ചെന്നും, വായ്പ തിരിച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് ദിനേശ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി കത്തില്‍ സൂചിപ്പിച്ചിരുന്നു.