ക്രിക്കറ്റ് ലോകകപ്പ്: ആദ്യ മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ സ്പിന്നറെ ഇറക്കി ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക

single-img
30 May 2019

2019 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഡുപ്ലെസിസിന്റെ തീരുമാനം ശരിവെച്ച് ആദ്യ ഓവറില്‍ തന്നെ ഇമ്രാന്‍ താഹിര്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇംഗ്ലീഷ് ഓപണര്‍ ബെയര്‍ സ്റ്റോയെ നേരിട്ട ആദ്യ പന്തിലാണ് താഹിര്‍ മടക്കിയത്.

ലോക ക്രിക്കറ്റിലെ പ്രധാന ശക്തികളായിട്ടും ഇരുടീമുകള്‍ക്കും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല. ആ ചരിത്രം തിരുത്താനാണ് ഇരുടീമുകളും വരുന്നത്. 2015 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ഇംഗ്ലണ്ട് പക്ഷേ നാലു വര്‍ഷത്തിനു ശേഷം കിരീട സാധ്യതയില്‍ ഏറെ മുന്നിലാണ്.

ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണവര്‍. ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറും ഇംഗ്ലണ്ടിന്റെ പേരില്‍ തന്നെ. ജേസന്‍ റോയ്, ജോണി ബെയര്‍‌സ്റ്റോ, ഓയിന്‍ മോര്‍ഗന്‍, ജോസ് ബട്ട്‌ലര്‍ എന്നീ വെടിക്കെട്ടുകാര്‍ ഏതൊരു ടീമിനും വെല്ലുവിളിയാണ്.
1992 മുതല്‍ ലോകകപ്പില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്ക കഴിഞ്ഞതവണ സെമിഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റു.

ഇക്കുറി ഫാഫ് ഡുപ്ലെസി നയിക്കുന്ന ടീമില്‍ ക്വിന്റണ്‍ ഡി കോക്ക്, ഹാഷിം ആംല, ഡേവിഡ് മില്ലര്‍, ജെ.പി. ഡുമിനി തുടങ്ങിയ പരിചയസമ്പന്നരുണ്ട്. പരിക്കിലായിരുന്ന പേസ് ബൗളര്‍ കാഗിസോ റബാഡ തിരിച്ചെത്തി. തുല്യശക്തികളുടെ പോരാട്ടം കൂടിയാണിത്. ലോകകപ്പില്‍ ആറുതവണ മുഖാമുഖം വന്നപ്പോള്‍ ഇരുടീമുകളും മൂന്നുകളിവീതം ജയിച്ചു. ഏകദിനത്തില്‍ ആകെ 59 മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് 26 ജയവും ദക്ഷിണാഫ്രിക്കയ്ക്ക് 29 ജയവുമുണ്ട്.

ഇത്തവണ ഇംഗ്ലണ്ടിലേയും വെയില്‍സിലേയും 11 വേദികളിലായാണ് മത്സരങ്ങള്‍. അഞ്ചാം തവണയാണ് ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ട് വേദിയാകുന്നത്. ഐ.സി.സി റാങ്കിങ്ങില്‍ ആദ്യ പത്ത് സ്ഥാനക്കാര്‍ മാത്രം പങ്കെടുക്കുന്നു എന്നതും, പങ്കെടുക്കുന്ന എല്ലാ ടീമുകളും പരസ്പരം മത്സരിക്കുന്ന ‘റൗണ്ട് റോബിന്‍ ലീഗ്’ 1992ന് ശേഷം നടക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

മെയ് 30 ന് ആരംഭിച്ച് 6 ആഴ്ച പിന്നിട്ട് ജൂലൈ 14 ന് അവസാനിക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍, ഫൈനല്‍ അടക്കം 48 ഏകദിന മത്സരങ്ങള്‍ നടക്കും. ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്‍. ഓസ്‌ട്രേലിയ അടക്കം 5 മുന്‍ ചാമ്പ്യന്‍മാര്‍ കിരീട പോരാട്ടത്തിനുണ്ട്.

ഇതുവരെ ലോകകപ്പ് നേടിയിട്ടില്ലാത്ത ആതിഥേയരായ ഇംഗ്ലണ്ടിനാണ് ക്രിക്കറ്റ് നീരീക്ഷകരില്‍ ഏറെപ്പേരും ഇത്തവണ സാധ്യത കല്‍പ്പിക്കുന്നത്. ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളെ പിന്തുണക്കുന്നവരും ഏറെയാണ്.

പരിശീലന മത്സരങ്ങളില്‍ മഴ പ്രതിബന്ധം സൃഷ്ടിച്ചെങ്കിലും ലോകകപ്പ് മത്സരങ്ങള്‍ സുഗമമായി പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വേദികള്‍ക്കും പരിസരങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.