വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തു; കേന്ദ്രത്തില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകും

single-img
30 May 2019

ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയ നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിലെ ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനായ വി മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് പാര്‍ലമെന്‍റില്‍ എത്തിയത്. കഴിഞ്ഞ മന്ത്രിസഭയിൽ കേന്ദ്ര മന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് ബിജെപി വി മുരളീധരനെ പരിഗണിച്ചത്

ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള വി മുരളീധരൻ ഏറെ കാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ബന്ധമാണ് മഹാരാഷ്ട്രയിൽ നിന്ന് മുരളീധരനെ രാജ്യസഭയിലേക്ക് എത്തിച്ചത്. കേരളത്തിൽ നിന്നും നിലവിൽ മൂന്ന് രാജ്യസഭാംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്.

മോദി മന്ത്രിസഭയിലേക്ക് കേരളത്തില്‍നിന്ന് തന്നെ തെരഞ്ഞെടുത്തത് കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണെന്ന് മുരളീധരന്‍ പ്രതികരിക്കുകയുണ്ടായി. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണയ്ക്കാൻ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്‍റെ സൂചനയായാണ് മോദി ടീമിന്‍റെ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞിരുന്നു.