മരടിൽ ചട്ടം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ ഉടമകള്‍ തന്നെ പൊളിച്ചു നീക്കണം; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ നഗരസഭ നിര്‍ദ്ദേശം നൽകി

single-img
30 May 2019

സംസ്ഥാനത്തെ തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ട് മരടിൽ നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ നഗരസഭ ഉടമകൾക്ക് നിർദേശം നൽകി. ഉത്തരവ് പ്രകാരം ഉടമകൾ തന്നെ പൊളിച്ചു നീക്കണമെന്നാണ് നിർദേശം. തുടര്‍ നടപടികളില്‍ ഉപദേശം തേടിക്കൊണ്ട് നഗരസഭാ അംഗങ്ങൾ ഉടനെ മുഖ്യ മന്ത്രിയെയും കാണുന്നുണ്ട്.

നിയമലംഘന നിര്‍മ്മാണത്തിന്റെ പേരില്‍ മരടിലെ അഞ്ച് അപ്പാർട്ട്മെന്‍റുകൾ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഇവ ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കുകയും വേണം. സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

അനധികൃത നിര്‍മ്മാണംമൂലം ഇനിയുമൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നിവരുടെ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.