ഒരു കേന്ദ്രമന്ത്രിസ്ഥാനം പോര; അവസാന നിമിഷം ജെഡിയു മന്ത്രിസഭയിൽ നിന്ന് പിന്മാറി

single-img
30 May 2019

പുതിയ കേന്ദ്രമന്ത്രിസഭയില്‍ ഒന്നിൽക്കൂടുതൽ മന്ത്രിപദങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിച്ച് ജെഡിയു മന്ത്രിസഭയിൽ നിന്ന് പിന്മാറി . തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് കേന്ദ്രമന്ത്രിപദങ്ങൾ ചോദിച്ചെങ്കിലും ഒറ്റ മന്ത്രിസ്ഥാനം മാത്രം തന്നതിൽ എതിർപ്പറിയിച്ചാണ് കേന്ദ്രമന്തിസഭയിൽ നിന്ന് പിൻമാറാൻ ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ തീരുമാനിച്ചത്.

”ജെഡിയുവിൽ നിന്നും അവർക്ക് ഒരാളെ മാത്രമേ കേന്ദ്രമന്ത്രിയാക്കാനാകൂ എന്നാണ് അറിയിച്ചത്. അത് പ്രതീകാത്മകമായി ഒരാളെ മന്ത്രിയാക്കുന്നത് പോലെയാണ്. അതാണ്‌ തീരുമാനം എങ്കില്‍ ഞങ്ങൾക്ക് മന്ത്രിപദം വേണ്ടെന്ന് തിരിച്ച് അവരെ അറിയിച്ചു. മന്ത്രിസ്ഥാനം വലിയ പ്രശ്നമല്ല, ഞങ്ങൾ എൻഡിഎക്കൊപ്പം തന്നെയാണ്. ഞങ്ങൾക്ക് അതിൽ അതൃപ്തിയുമില്ല. ഞങ്ങൾ ഒന്നിച്ചാണ് നിൽക്കുന്നത്, ഇതിൽ ആശയക്കുഴപ്പമില്ല”, നിതീഷ് കുമാർ പറഞ്ഞു.

അതൃപ്തില്ല എന്നാണ് പുറമേ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും അവസാനനിമിഷം കേന്ദ്രമന്ത്രിസഭയിൽ നിന്ന് പിൻമാറിയത്, ചോദിച്ചത്ര മന്ത്രിപദങ്ങൾ കിട്ടാതിരുന്നതിനെത്തുടർന്നുള്ള അതൃപ്തി തന്നെയാണ് നിതീഷ് കുമാറിനെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ചത് എന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ മുതല്‍ നടത്തിയ ചർച്ചകളിൽ തുടർച്ചയായി നിതീഷ് കുമാർ മൂന്ന് കേന്ദ്രമന്ത്രിപദം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. കേന്ദ്രത്തില്‍ എല്ലാ സഖ്യകക്ഷികൾക്കും ഒറ്റ സീറ്റ് – അതിൽ വിട്ടു വീഴ്‍ചയില്ല, മോദിയും അമിത് ഷായും വ്യക്തമാക്കി.