കെവിന്‍ വധക്കേസ്; എസ്ഐ ഷിബുവിനെ സര്‍വീസില്‍ തിരികെ എടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചു

single-img
30 May 2019

കെവിന്‍ വധക്കേസില്‍ കുറ്റവാളി എന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെന്‍ഷനിലായ എസ്ഐ ഷിബുവിനെ വീണ്ടും സര്‍വീസില്‍ എടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ നിർദ്ദേശത്താൽ മരവിപ്പിച്ചു. കുറ്റവാളിയായ എസ്ഐ ഷിബുവിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം അറിയിച്ച് കെവിന്റെ കുടുംബം ഇന്നലെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നല്‍കിയിരുന്നു.

പിരിച്ചുവിടൽ നോട്ടീസ് നൽകിയ ഷിബുവിനെ സർവീസിൽ തിരിച്ച് എടുക്കാനുള്ള തീരുമാനം താന്‍ അറിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ പറഞ്ഞിരുന്നു. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് എസ്ഐ ഷിബുവിനെതിരെ അച്ചടക്ക നടപടി പിന്‍വലിച്ച് സര്‍വീസില്‍ തിരികെ എടുത്തുകൊണ്ട് എറണാകുളം റേഞ്ച് ഐജി ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐയായി തരംതാഴ്ത്തി സർവീസിൽ തിരികെ എടുക്കാനായിരുന്നു തീരുമാനം. പിരിച്ചുവിടല്‍ നോട്ടിസിന് മറുപടിയായി എസ്ഐ നൽകിയ വിശദീകരണം പരിശോധിച്ചാണ് തീരുമാനമെടുത്തത്. ഷിബു കോട്ടയം ഗാന്ധിനഗറിൽ എസ്ഐ ആയിരിക്കെ ഒരു കൊല്ലം മുമ്പാണ് കെവിന്‍ കൊല്ലപ്പെട്ടത്.