മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കല്‍; മുഖ്യമന്ത്രിയുടെ നിലപാട് അപമാനകരം: വി മുരളീധരന്‍

single-img
30 May 2019

ഇന്ന് നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവും നിയുക്ത കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിലപാട് അപമാനകരമാണെന്ന്‍ വി മുരളീധരന്‍ പറഞ്ഞു.

“രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ വിവിധ പാര്‍ട്ടിയിലുള്ള ആളുകള്‍ തമ്മിലുണ്ടാകും. അതൊക്കെ ഉള്ളപ്പോള്‍ തന്നെ ജനാധിപത്യ മര്യാദകള്‍ പാലിക്കുക എന്നുള്ളതാണ് സാംസ്‌കാരികപരമായ ഔന്നിത്യം കാണിക്കുന്നവര്‍ ചെയ്തുപോന്നിട്ടുള്ളത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും അതുണ്ടായില്ല. മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അപമാനകരമാണെന്ന്” വി മുരളീധരന്‍ പറഞ്ഞു.

ഇന്ന് നടന്ന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കെ ചന്ദ്രശേഖര്‍ റാവു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ചത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ എന്നിവരും വിട്ടുനിന്നിരുന്നു.