മഹാഭാരതം സിനിമയാക്കാന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അനുവാദം തേടും: നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി

single-img
30 May 2019

എം ടി വാസുദേവന്‍‌ നായരുടെ നോവലിനെ ആസ്പദമാക്കി അദ്ദേഹത്തിന്റെ തന്നെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന ‘മഹാഭാരതം’. നടക്കില്ല എന്ന കാര്യം ഉറപ്പായതാണ്. എം ടിയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ കോടതിയിലേക്ക് എത്തുകയും തിരക്കഥ ശ്രീകുമാറിന് നല്‍കില്ല എന്ന എംടിയുടെ വാദം കോടതി അംഗീകരിച്ചതോടെയാണ് സിനിമ ഉപേക്ഷിച്ചത്.

എന്നാല്‍ ഇവര്‍ ഇല്ലെങ്കിലും ‘മഹാഭാരതം’ എന്ന സിനിമയുമായി മുന്നോട് പോകാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാവ് ബി ആർ ഷെട്ടി. സിനിമയ്ക്ക് വേണ്ടി ഒരു പുതിയ തിരക്കഥ നിര്‍ദ്ദേശിക്കാന്‍ ആത്മീയാചാര്യന്‍ സദ്ഗുരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് അദ്ദേഹം അറിയിച്ചു.

‘കോടതിയില്‍ ശ്രീകുമാര്‍ മേനോനും എം ടിയും തമ്മിലുള്ള നിയമപ്രശ്നങ്ങളില്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അവരുമായി പൂര്‍ണമായും അകന്നു കഴിഞ്ഞു. പുതിയ പദ്ധതിക്കായ ഞാന്‍ ബിജെപി, ആര്‍എസ്എസ് എന്നിവരുടെ അനുവാദം തേടും. മുന്‍പ് തീരുമാനിച്ചപോലെ അബുദാബിയില്‍ ചിത്രീകരണം നടക്കും’. -ബി ആര്‍ ഷെട്ടി പറഞ്ഞു.

പുതിയ സിനിമയില്‍ കേന്ദ്ര കഥാപാത്രമായ ഭീമസേനനെ മോഹന്‍ലാല്‍ ആയിരിക്കുമോ അവതരിപ്പിക്കുന്നത് എന്ന് ഇപ്പോള്‍ പറയാറായിട്ടില്ലന്നും, താൻ ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത് കഥയ്ക്ക് ആവശ്യമായ ‘അനുമതികള്‍’ നേടിയെടുക്കാന്‍ ആണെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ പൗരാണിക ഇതിഹാസമായ ‘മഹാഭാരതം’ സിനിമയായി കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും എല്ലാ ഭാഷകളിലും അത് അവതരിപ്പിക്കപ്പെടണമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.