അബ്ദുള്ളക്കുട്ടി പെരുമാറുന്നത് അവസരവാദിയെപ്പോലെ; പ്രവർത്തിക്കാൻ സമയം നല്‍കാതെ എംഎല്‍എയാക്കിയതില്‍ ജാഗ്രതക്കുറവുണ്ടായി: വി എം സുധീരൻ

single-img
29 May 2019

ഇനിയും താന്‍ പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് അബ്ദുള്ളക്കുട്ടി ഇപ്പോള്‍ നടത്തുന്ന മോദി സ്തുതിയെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയ അബ്ദുള്ളകുട്ടിക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സമയം നല്‍കാതെ എംഎല്‍എയാക്കിയതില്‍ അന്നത്തെ നേതൃത്വത്തിന് ജാഗ്രത ക്കുറവുണ്ടായി എന്നും വിഎം സുധീരന്‍ കുറ്റപ്പെടുത്തി. അബ്ദുള്ളകുട്ടി പെരുമാറുന്നത് അവസരവാദിയെപ്പോലെയാണ്, കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ല, കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ല എന്നും വിഎം സുധീരന്‍ പറഞ്ഞു.

മോദി തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ചെയ്ത അബ്ദുള്ളക്കുട്ടിയുടെ മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റിനെ ബിജെപി സ്വാഗതം ചെയ്തിരുന്നു. ബിജെപിക്ക് ആരോടും അയിത്തമില്ലെന്നും താല്‍പര്യമുണ്ടെങ്കില്‍ അബ്ദുള്ളകുട്ടിക്ക് പാര്‍ട്ടിയിലേക്ക് വരാമെന്നും ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ രജ്ഞിത്ത് പറയുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജണ്ടയുടെ അംഗീകാരമാണെന്നായിരുന്നു എപി അബ്ദുള്ളകുട്ടി പറഞ്ഞത്.