കഠാരയും ഭഗവദ്ഗീതയും: സവർക്കറുടെ ജന്മവാർഷികത്തിൽ വിദ്യാർത്ഥികൾക്ക് ഹിന്ദുമഹാസഭയുടെ സമ്മാനം

single-img
29 May 2019
pooja shakun pandey

ആഗ്ര: ഹിന്ദുത്വ സൈദ്ധാന്തികന്‍ വിനായക് ദാമോദർ സവര്‍ക്കറുടെ ജന്മവാര്‍ഷികത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഠാരികളും ഭഗവദ് ഗീതയും വിതരണം ചെയ്ത് ഹിന്ദു മഹാസഭ. ഹയർസെക്കൻഡറി വിദ്യാര്‍ത്ഥികള്‍ക്കാണ് ഹിന്ദു മഹാസഭാ നേതാക്കള്‍ കത്തികള്‍ വിതരണം ചെയ്തത്.

രാഷ്ട്രീയത്തിന്റെ ഹൈന്ദവവൽക്കരണവും ഹിന്ദുക്കളുടെ സൈനികവൽക്കരണവുമായിരുന്നു സവര്‍ക്കറുടെ സ്വപ്നമെന്നും അതില്‍ ആദ്യത്തേത് മികച്ച വിജയത്തോടെ നരേന്ദ്ര മോദി സാക്ഷാത്കരിച്ചെന്നും ഹിന്ദു മഹാസഭാ നേതാവ് അശോക് പാണ്ഡേ ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രത്തോട് പറഞ്ഞു. രണ്ടാമത്തെ ആഗ്രഹം നിറവേറ്റാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വയരക്ഷയ്ക്കും രാജ്യരക്ഷയ്ക്കും ഹിന്ദുക്കളെ പ്രാപ്തരാക്കാനാണ് അവര്‍ക്ക് ആയുധങ്ങള്‍ സമ്മാനിച്ചത്. ഹിന്ദുക്കളായ യുവതലമുറയുംട ശാക്തീകരണമാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഇത് അവരുടെ സ്വയരക്ഷയ്ക്ക് ഉപകരിക്കും- ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ പറഞ്ഞു. 

പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കാണ് കഠാര സമ്മാനമായി നൽകിയത്. കൂട്ടത്തിൽ ഭഗവദ് ഗീതയും നൽകിയിട്ടുണ്ട്. എന്തുകൊണ്ട് ആയുധങ്ങൾ ഉപയോഗിക്കണമെന്നും എപ്പോഴാണവ ഉപയോഗിക്കേണ്ടതെന്നും പഠിക്കാനാണ് ഭഗവദ് ഗീത നൽകിയതെന്നും പൂജ ശകുൻ പാണ്ഡേ പറഞ്ഞു.