സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു കുടുംബത്തിലെ എട്ട് പേര്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

single-img
29 May 2019

സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ബഹ അല്‍ മക് വയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു കുടുംബത്തിലെ 8 പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ദാരുണമായ അപകടം. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പെടും.

പ്രാഥമികാന്വേഷണത്തില്‍ അമിത വേഗതയാണ് അപകട കാരണമെന്നാണ് ട്രാഫിക് വകുപ്പിന്റെ വിശദീകരണം. വിവരമറിഞ്ഞ ഉടനെ രക്ഷാപ്രവര്‍ത്തന സംഘം സ്ഥലത്തെത്തിയിരുന്നതായി അല്‍ബാഹ മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ജംആന്‍ അല്‍ഗാമിദി പറഞ്ഞു.

രണ്ട് കാറുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിച്ച വാഹനങ്ങളിലൊന്നില്‍ ആറ് പേരും മറ്റൊന്നില്‍ നാല് പേരുമാണുണ്ടായിരുന്നത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായി പത്ത് പേരാണ് ഇരു വാഹനങ്ങളിലുണ്ടായിരുന്നത്. എട്ട് പേര്‍ സംഭവ സ്ഥലത്ത് മരിച്ചിരുന്നു.

മരിച്ചവരില്‍ ആറ് പേര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ നാല് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഒരു കുട്ടിയുമാണ്. പരിക്കേറ്റ രണ്ട് പേരെ മഖ്വ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വക്താവ് പറഞ്ഞു.