ബിജെപിക്കാർ മോദിയ്ക്ക് സ്തുതി പാടുന്നു; നിങ്ങൾ എപ്പോഴെങ്കിലും എനിക്ക് സ്തുതി പാടിയിട്ടുണ്ടോ? അകാലിദൾ നേതാക്കളോട് സുഖ്ബീർ സിംഗ് ബാദൽ

single-img
29 May 2019

ബിജെപി പ്രവർത്തകർ നരേന്ദ്ര മോദിയ്ക്ക് സ്തുതി പാടുന്നതുപോലെ നിങ്ങൾ എപ്പോഴെങ്കിലും തനിക്ക് സ്തുതിപാടിയിട്ടുണ്ടോയെന്ന് ശിരോമണി അകാലിദൾ നേതാക്കളോട് പാർട്ടി അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ. പാർട്ടി എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗത്തിലായിരുന്നു സുഖ്ബീർ സിംഗ് ബാദൽ ഇങ്ങനെ ചോദിച്ചത്.

“ബിജെപി പ്രവർത്തകർ മോദിയുടെ അസാന്നിധ്യത്തിലും ഓരോ ബൂത്തിലും ‘മോദി, മോദി‘യെന്ന് സ്തുതിപാടുകയായിരുന്നു. ശിരോമണി അകാലിദളിന്റെ നേതാക്കൾ ആരെങ്കിലും ഏതെങ്കിലും ബൂത്തിൽ ‘സുഖ്ബീർ, സുഖ്ബീർ’ എന്ന് സ്തുതിപാടിയിട്ടുണ്ടോ?”

സുഖ്ബീർ സിംഗ് ബാദൽ ചോദിച്ചു.

ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയുടെ ബൂത്തുതലത്തിലുള്ള പ്രവർത്തനങ്ങളുടെ മികവിനെക്കുറിച്ചും അവരുടെ സംഘടനാ ശേഷിയെക്കുറിച്ചും പുകഴ്ത്തി സംസാരിക്കുന്നതിനിടയിലായിരുന്നു സുഖ്ബീറിന്റെ ഈ ചോദ്യം.

സുഖ്ബീർ ഈ ചോദ്യം ചോദിച്ചയുടൻ ഒരു പാർട്ടി നേതാവ് എഴുന്നേറ്റുനിന്ന് “സുഖ്ബീർ സിംഗ് ബാദൽ സിന്ദാബാദ്” എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു.

പഞ്ചാബിലെ ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ ലോക്സഭാ തെരെഞ്ഞെടുപ്പിൽ വളരെ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മത്സരിച്ച പത്തു സീറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് അകാലിദൾ വിജയിച്ചത്.എന്നാൽ മത്സരിച്ച മൂന്നു സീറ്റിൽ രണ്ടിലും ബിജെപി വിജയം കൈവരിച്ചു. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ പ്രവർത്തനം വിലയിരുത്താൻ യോഗങ്ങൾ വിളിച്ചു ചേർത്തത്.