ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ്

single-img
29 May 2019

ഹയര്‍സെക്കന്‍ററി ഹൈസ്കൂള്‍ ലയനം നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തെ നിയപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോർട്ട് വിദ്യാഭ്യാസ മേഖലയെ ചുവപ്പ് അണിയിക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തല ആരോപിച്ചു. 

റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സർക്കാരിന്‍റെ അനാവശ്യ തിടുക്കം സംശയകരമാണെന്നും ഉടന്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഹൈസ്കൂൾ- ഹയർസെക്കന്‍ഡറി ഏകീകരണത്തിനുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് സഭയെ അറിയിച്ചിരുന്നു. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഹൈസ്കൂൾ, ഹയർ സെക്കന്റഡറി, വിഎച്ച്എസ് സി എന്നിവ മൂന്നായി പ്രവർത്തിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടെന്നും ഖാദർ കമ്മീഷൻ നിർദ്ദേശങ്ങൾ പൂർണമായി നടപ്പാക്കുന്നില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

മന്ത്രിയുടെ മറുപടിയെതുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുഗ്ലക്ക് പരിഷ്കാരമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. റിപ്പോര്‍ട്ട് പൂര്‍ണമായും വരാതെ എങ്ങനെ നടപ്പാക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

ഒന്നു മുതൽ 12 വരെ ക്ലാസുകൾ ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യൂക്കേഷനെന്ന ഒറ്റ കുടക്കീഴിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. പൊതു പരീക്ഷ ബോ‍ർഡ് രൂപീകരിക്കും. ഹൈസ്ക്കൂളും ഹയർസെക്കണ്ടറിയും ഉള്ള സ്കൂളിലെ സ്ഥാപനമേധാവി പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പൽ ഹെഡ്മാസ്റ്ററുമായിരിക്കും.

അതേ സമയം റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ സ്കൂൾ തുറക്കുന്ന ദിവസം മുതൽ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ അറിയിച്ചിട്ടുണ്ട്