70 ശതമാനം ഇന്ത്യൻ സ്ത്രീകൾക്കും രതിമൂർച്ഛ ലഭിക്കുന്നില്ലെന്ന് കോണ്ടം നിർമ്മാതാക്കളായ ഡ്യുറക്സ്: ‘Orgasm Inequality’ ഹാഷ് ടാഗ് ട്വിറ്ററിൽ വൈറലാകുന്നു

single-img
29 May 2019

വ്യത്യസ്തവും സാമൂഹ്യ പ്രതിബദ്ധതയുള്ളതുമായ പരസ്യങ്ങൾ കൊണ്ട് വാർത്തകളിൽ നിറയാറുള്ള കോണ്ടം (ഗർഭ നിരോധന ഉറ) നിർമ്മാതാക്കളായ ഡ്യുറക്സ് ഇത്തവണ വ്യത്യസ്തമായ ഒരു ഹാഷ്ടാഗ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ സ്ത്രീകളിൽ 70 ശതമാനത്തിനും ലൈംഗിക വേഴ്ചയുടെ സമയത്ത് രതിമൂർച്ഛ ലഭിക്കാറില്ലെന്നും ഇത് ലിംഗപരമായ അസമത്വമാണെന്നുമാണ് ഡ്യുറക്സിന്റെ ക്യാമ്പയിൻ.

ട്വിറ്ററിൽ #OrgasmInequality എന്ന ഹാഷ് ടാഗിൽ ആരംഭിച്ച ക്യാമ്പയിൻ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഡ്യുറക്സ് 2017-ൽ നടത്തിയ ഗ്ലോബൽ സെക്സ് സർവ്വേയിലാണ് 70 ശതമാനം ഇന്ത്യൻ സ്ത്രീകൾക്കും ലൈംഗികബന്ധവേളയിൽ രതിമൂർച്ഛ ലഭിക്കാറില്ലെന്ന് കണ്ടെത്തിയതെന്ന് അവർ അവകാശപ്പെടുന്നു. ഈ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നാണ് ട്വീറ്റിൽ കമ്പനി ആഹ്വാനം ചെയ്യുന്നത്.

ഹാഷ് ടാഗ് ഏറ്റെടുത്തുകൊണ്ട് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരമായ സ്വര ഭാസ്കർ ആണ് ഇതിൽ പ്രധാനി. സിനിമാതാരമെന്നതിലുപരി തന്റെ പുരോഗമനപരമായ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിന്റെ പേരിൽ വലതുപക്ഷ ട്രോളുകളുടെ ആക്രമണം നിരന്തരം ഏറ്റുവാങ്ങുന്നയാളാണ് സ്വര ഭാസ്കർ. ഡ്യൂറക്സ് ട്വിറ്ററിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ സ്വര ഇപ്രകാരം പറയുന്നു:

“ഇന്ത്യയിലെ 70 ശതമാനം സ്ത്രീകൾക്കും ലൈംഗിക വേഴ്ചയുടെ സമയത്ത് രതിമൂർച്ഛയുണ്ടാകാറില്ല എന്ന് നിങ്ങൾക്കറിയാമോ? ഇത് വിചിത്രമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ശരീരപ്രകൃതിയാണെന്ന് മാത്രമല്ല നമ്മുടെ രതിമൂർച്ഛയും വ്യത്യസ്തമാണ്. പക്ഷേ ലൈംഗിക സുഖമെന്നത് പുരുഷന്മാരുടെ ഏകാംഗകേളിയായാൽ മതിയോ? അല്ലെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയിൽ സാമൂഹിക അസമത്വങ്ങവും ലിംഗ അസമത്വവും
ധാരാളമുണ്ട്. അതുകൊണ്ട് ഗൌരവത്തോടെ പറയുകയാണ് ആ പട്ടികയിലേയ്ക്ക് രതിമൂർച്ഛയിലെ അസമത്വത്തേയും കൂടി ചേർക്കാൻ കഴിയില്ല.”

ഇന്ത്യയിലെ ലൈംഗികത പുരുഷകേന്ദ്രീകൃതമാണെന്ന തരത്തിലാണ് കൂടുതൽ ചർച്ചകളും ഉയർന്നുവരുന്നത്.

ഇതിനിടെ സ്ത്രീകളുടെ രതിമൂർച്ഛാ പ്രശ്നത്തിനു പരിഹാരമായി തങ്ങളൂടെ പുതിയ ജെൽ നിർദ്ദേശിച്ചുകൊണ്ട് മറ്റൊരു കോണ്ടം നിർമ്മാണ കമ്പനിയായ സ്കോർ രംഗത്തെത്തിയതാണ് മറ്റൊരു രസകരമായ കാര്യം. ഡ്യുറക്സിന്റെ ട്വീറ്റിനു താഴെ കമന്റായാണ് സ്കോറിന്റെ ഓണത്തിനിടയിലെ പുട്ടുകച്ചവടം.