ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയ ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാമ്പൂ പിൻവലിക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ

single-img
29 May 2019

ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയ ജോൺസൺ ആൻഡ് ജോൺസണിന്റെ ബേബി ഷാമ്പൂ പിൻവലിക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ. എന്നാൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നാണ് കമ്പനിയുടെ വാ‍ദം.

കഴിഞ്ഞ മാസമാണ് രാജസ്ഥാൻ സർക്കാർ ലബോറട്ടറിയിലെ പരിശോധനയിൽ ജോൺസൺ ആൻഡ് ജോൺസണിന്റെ ബേബി ഷാമ്പൂവിന്റെ രണ്ട് ബാച്ചുകളിൽ ഫോർമാൽഡിഹൈഡിന്റെ അംശമുണ്ടെന്ന് കണ്ടെത്തിയത്. ക്യാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള വസ്തു (കാർസിനോജൻ) ആയിട്ടാണ് ഫോർമാൽഡിഹൈഡ് പരിഗണിക്കപ്പെടുന്നത്. രാജ്യത്തെ ബേബി കെയർ ഉൽപ്പന്നങ്ങളുടെ മാർക്കറ്റിന്റെ മുക്കാൽ ഭാഗവും ഈ കമ്പനിയുടെ ഉൽപ്പന്നങ്ങളാണ്.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബാലാവകാശ കമ്മീഷനു ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിൽ ജോൺസൺ ആൻഡ് ജോൺസൺ ഷാമ്പൂവും ടാൽകം പൌഡറും ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.

മേയ് 23-നു കമ്പനിയ്ക്കയച്ച നോട്ടീസിൽ ഫോർമാൽഡിഹൈഡ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയ രണ്ട് ബാച്ച് ഉൽപ്പന്നങ്ങൾ പിൻവലിക്കണമെന്നും ഇംഗ്ലീഷ്- പ്രാദേശിക ഭാഷകളിലുള്ള അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങളിൽ ഈ ബാച്ച് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് ഒരു നിർദ്ദേശം പ്രസിദ്ധീകരിക്കണമെന്നും പറഞ്ഞിരുന്നു. നോട്ടീസിനനുസരിച്ച് പ്രവർത്തിക്കാമെന്ന് ഒരു മറുപടി നോട്ടീസ് മേയ് 29-നു മുന്നേ കമ്മീഷന് അയയ്ക്കാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചിരുന്നു.

എന്നാൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും രാജസ്ഥാൻ സർക്കാർ ലബോറട്ടറിയുടെ പരിശോധനാഫലം തെറ്റാണെന്നുമായിരുന്നു കമ്പനിയുടെ മറുപടി. ലബോറട്ടറിയിൽ പരിശോധനയ്ക്കയച്ച സാമ്പിളുകൾ വീണ്ടും പരിശോധിക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതു പ്രകാരം അപ്പലേറ്റ് ലബോറട്ടറിയിൽ അയച്ചിട്ടുണ്ടെന്നും അതിന്റെ പരിശോധനാഫലം വരുന്നതുവരെ ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ സാധിക്കില്ലെന്നുമാണ് കമ്പനിയുടെ നിലപാട്.