രാജസ്ഥാൻ കോൺഗ്രസിൽ തർക്കം രൂക്ഷം: കൃഷിമന്ത്രി രാജിവെച്ചു

single-img
28 May 2019

ലോക്സഭാ തെരെഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെച്ചൊല്ലി രാജസ്ഥാനിലെ കോൺഗ്രസ് നേതൃത്വത്തിൽ രൂക്ഷമായ ആഭ്യന്തരകലാപം. രാജസ്ഥാനിലെ കൃഷിമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ് ലാൽചന്ദ് കട്ടാരിയ മന്ത്രിസ്ഥാനം രാജിവെച്ചു.

ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഇത്തരമൊരു തിരിച്ചടി നേരിട്ട സാഹചര്യത്തിൽ അധികാരത്തിൽ തുടരാനുള്ള ധാർമികമായ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കട്ടാരിയ രാജിവെച്ചത്. തന്റെ മന്ത്രിസ്ഥാനം ‘ബലികഴിക്കുക’യാണെന്ന് അദ്ദേഹം തന്റെ രാജിക്കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ് ഗവർണ്ണർക്ക് താൻ രാജിക്കത്ത് നൽകിയതെന്നാണ് കട്ടാരിയ പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കട്ടാരിയയുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് ഗവർണ്ണറുടെ ഓഫീസ് അറിയിച്ചു.

യുപിഎ സർക്കാരിൽ കേന്ദ്ര മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ലാൽ ചന്ദ് കട്ടാരിയ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുത്ത യാളായിട്ടാണ് അറിയപ്പെടുന്നത്. അശോക് ഗെഹ്ലോട്ടിനെതിരായി കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉരുത്തിരിഞ്ഞുവന്ന വികാരം വഴിതിരിച്ചുവിടാനുള്ള ഒരു പരിചയാണ് കട്ടാരിയയുടെ രാജിയെന്നാണ് റിപ്പോർട്ടുകൾ.

തെരെഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് ആത്മപരിശോധന നടത്തണമെന്ന് മറ്റു രണ്ട് മന്ത്രിമാർ ഞായറാഴ്ച പറഞ്ഞിരുന്നു. അശോക് ഗെഹ്ലോട്ടിനെ ലക്ഷ്യം വെച്ചായിരുന്നു പ്രസ്താവന. അശോക് ഗെഹ്ലോട്ടിന് സമയം കിട്ടിയിരുന്നെങ്കിൽ മറ്റ് മണ്ഡലങ്ങളിൽ അദ്ദേഹത്തിനു കുറച്ചുകൂടി പ്രവർത്തിക്കാൻ കഴിയുമായിരുന്നുവെന്നായിരുന്നു സഹകരണമന്ത്രി ഉദയ് ലാൽ അഞ്ജനയുടെ പരിഹാസരൂപേണയുള്ള പ്രസ്താവന. തന്റെ മകൻ മത്സരിക്കുന്ന മണ്ഡലത്തിൽ പ്രചാരണം നടത്താൻ വേണ്ടിയായിരുന്നു ഗെഹ്ലോട്ട് കൂടുതൽ സമയം ചെലവഴിച്ചതെന്ന് ആരോപണങ്ങളുണ്ടായിരുന്നു.