ഇന്ത്യൻ വിദ്യാർത്ഥിനിയെ ആക്രമിച്ച് അംഗവൈകല്യം വരുത്തിയ കേസിൽ പാകിസ്താനി യുവാവിനു മൂന്നു മാസം തടവ്

single-img
28 May 2019

ദുബായ്: സമൂഹമാധ്യമത്തിലൂടെ സൌഹൃദത്തിലായ ഇന്ത്യൻ വിദ്യാർത്ഥിനിയെ ആക്രമിച്ച് അംഗവൈകല്യം വരുത്തിയ കേസിൽ പാകിസ്താനി യുവാവിനു തടവ് ശിക്ഷ. ദുബായ് ക്രിമിനൽ കോടതിയാണ് പാകിസ്താൻ സ്വദേശിയായ യുവാവിന്
മൂന്നു മാസം തടവുശിക്ഷ വിധിച്ചത്.

സംഭവം നടക്കുന്നതിന് ഒരു വർഷം മുൻപാണ് 25കാരനായ പാകിസ്താനി യുവാവും 21 വയസ്സുള്ള ഇന്ത്യൻ വിദ്യാർഥിനിയും സമൂഹമാധ്യമത്തിലൂടെ  പരിചയത്തിലാകുന്നത്. പരിചയം പിന്നീട് സൌഹൃദമായി വളർന്നപ്പോൾ വിവാഹം കഴിക്കാൻ യുവാവ് താൽപര്യം പ്രകടിപ്പിച്ചെങ്കിലും നിരസിച്ച യുവതി ഇയാളുമായുള്ള അടുപ്പം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം സംസാരിക്കുന്നതിനു യുവാവിന്റെ രക്ഷിതാക്കളെ കാണാൻ ഇരുവരും പോകുമ്പോഴായിരുന്നു യുവാവ് യുവതിയെ കായികമായി ആക്രമിച്ചത്.

ഷൂസു കൊണ്ട് മുഖത്ത് അടിയേറ്റ പെൺകുട്ടിയുടെ ശ്രവണ ശേഷി ഭാഗികമായി നഷ്ടപ്പെട്ടു. വാഹനത്തിൽ നിന്നു രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി പിതാവിനെയും കൂട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തടവുശിക്ഷയ്ക്കു ശേഷം യുവാവിനെ നാട് കടത്തും.