മോദി സ്തുതി; കോൺഗ്രസ് നേതാക്കളുടെ മനസിലിരിപ്പാണ് അബ്ദുള്ളക്കുട്ടിയിലൂടെ പുറത്തുവന്നത്: എംവി ജയരാജൻ

single-img
28 May 2019

തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച യുഡിഎഫ് നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മോദിയെ പുകഴ്ത്തുകവഴി ബിജെപിയിലേക്ക് വിസ കാത്തിരിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്ന് പറഞ്ഞ അദ്ദേഹം, കോൺഗ്രസ് നേതാക്കളുടെ മനസ്സിലിരിപ്പാണ് അബ്ദുള്ളക്കുട്ടിയിലൂടെ പുറത്തുവന്നതെന്നും കുറ്റപ്പെടുത്തി. ഗാന്ധിജിക്ക് പകരം ഗോഡ്സയുടെ മൂല്യങ്ങളാണ് ബിജെപി പിന്തുടരുന്നത്. ജയരാജന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗാന്ധിയന്‍ മൂല്യങ്ങള്‍ മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരനായ മോദി തന്‍റെ ഭരണത്തിൽ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്‍റെ മുഖം ഓർമ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിർവ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.

അതേസമയംഅബ്ദുള്ളക്കുട്ടിയുടെമോദി പുകഴ്ത്തലിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കേവലം പബ്ലിസിറ്റിക്ക് വേണ്ടിയാണ് അബ്ദുള്ളക്കുട്ടി ഇത്തരം പരാമ‌ർശം നടത്തുന്നതെന്നായിരുന്നു ഇടുക്കിയില്‍ നിന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡീൻ കുര്യാക്കോസിന്‍റെ പ്രതികരണം. പ്രധാനമന്ത്രിയെ കുറിച്ചുള്ള പരാമർശം വിവാദമായതോടെ സംഭവം രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. അപ്പോഴും മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അബ്ദുള്ളക്കുട്ടിയും വ്യക്തമാക്കി