ഹൈസ്ക്കൂൾ- ഹയർസെക്കണ്ടറി ലയനം ഈ അധ്യയന വർഷം നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി; എതിര്‍പ്പുമായി പ്രതിപക്ഷ അധ്യാപക സംഘടനകള്‍

single-img
28 May 2019

സംസ്ഥാനത്തെ ഹൈസ്ക്കൂൾ – ഹയർസെക്കണ്ടറി ലയനം ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. ഹൈസ്ക്കൂൾ – ഹയർസെക്കണ്ടറി ലയനം ഉള്‍പ്പെടെയുള്ള ഖാദർ കമ്മിറ്റിയുടെ മൂന്ന് ശുപാർശകളിൽ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

ലയനം നടന്നാലും ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ ഹയര്‍സെക്കന്‍ഡറിയിലും ഹൈസ്‌കൂള്‍ അധ്യാപകര്‍ ഹൈസ്‌കൂളിലും തന്നെയായിരിക്കും തുടര്‍ന്നും പഠിപ്പിക്കുക. അധ്യാപനത്തിന്റെ കാര്യത്തില്‍ യാതൊരു മാറ്റവും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പ്രവേശനോത്സവം ഉള്‍പ്പെടെ ബഹിഷ്ക്കരിക്കുന്ന സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നീക്കം. ഈ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഖാദർ കമ്മിറ്റിയുടെ പ്രധാന ശുപാർശകൾ നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം.

സംസ്ഥാനത്തെ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളെ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷനെന്ന ഒറ്റ കുടിക്കീഴിലാക്കുന്നതാണ് ലയന പദ്ധതി. പരീക്ഷകള്‍ നടത്താന്‍ പൊതു പരീക്ഷ ബോ‍ർഡ് രൂപീകരിക്കും. പുതുതായി വരുന്ന ഡയറക്ടർക്കായിരിക്കും ഹൈസ്ക്കൂൾ-ഹയർസെക്കണ്ടറി വിഎച്ച്എസ്ഇ പരീക്ഷ ബോർഡുകളുടെ ചുമതല. അതേപോലെ ഹൈസ്ക്കൂളും ഹയർസെക്കണ്ടറിയും ഉള്ള സ്കൂളിലെ സ്ഥാപനമേധാവി പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പൽ ഹെഡ്മാസ്റ്ററുമായിരിക്കും. കമ്മിറ്റിയുടെ ചില ശുപാർശകൾ നടപ്പാക്കില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്.

ഹൈസ്ക്കൂൾ – ഹയർസെക്കണ്ടറി ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എൽപി, യുപി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് മാറ്റമുണ്ടാകില്ല. നിലവിലുള്ള എഇഒ, ഡിഇഒ ഓഫീസുകൾ നിർത്തലാക്കുകയുമില്ല. ആവശ്യമായ ചര്‍ച്ച നടത്താതെ ശുപാർശകൾ നടപ്പാക്കുന്നതിൽ പ്രതിഷേധം മന്ത്രി വിളിച്ച യോഗത്തിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉയർത്തി. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ സമരത്തിന് യുഡിഎഫിന്റെ പിന്തുണയുമുണ്ട്.