ഗുജറാത്തിലെ 15 കോൺഗ്രസ് എംഎൽഎമാർ ഉടൻ പാർട്ടി വിടുമെന്ന് ഠാക്കൂർ ക്ഷത്രിയ സേനാ നേതാവ് അല്പേഷ് ഠാക്കൂർ

single-img
28 May 2019

ഗുജറാത്തിലെ പതിനഞ്ച് കോൺഗ്രസ് എംഎൽഎമാർ ഉടൻ പാർട്ടി വിടുമെന്ന് മുൻ കോൺഗ്രസ് നേതാവും ഠാക്കൂർ ക്ഷത്രിയ സേനാ തലവനുമായ അല്പേഷ് ഠാക്കൂർ. ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിതിൻ പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അല്പേഷിന്റെ ഈ പ്രഖ്യാപനം.

കോൺഗ്രസിലെ പകുതിയിലധികം എംഎൽഎമാർ അസ്വസ്ഥരാണെന്ന് അല്പേഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഗുജറാത്ത് നിയമസഭയിലേയ്ക്ക് 2017-ൽ നടന്ന തെരെഞ്ഞെടുപ്പിൽ 182 സീറ്റുകളിൽ 77 എണ്ണമായിരുന്നു കോൺഗ്രസും സഖ്യകക്ഷികലും കൂടി നേടിയത്. 99 സീറ്റുമായി ബിജെപി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. എന്നാൽ ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനു മുന്നേ അല്പേഷ് ഠാക്കൂർ അടക്കം മൂന്ന് എംഎൽഎമാർ കോൺഗ്രസ് വിട്ടതോടെ പ്രതിപക്ഷത്തിന്റെ ശക്തി 74 ആയി ചുരുങ്ങിയിരുന്നു. കോൺഗ്രസ് തന്നെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു അല്പേഷ് ഠാക്കൂർ പാർട്ടിവിട്ടത്.

അല്പേഷ് ഠാക്കൂർ ബിജെപിയിലേയ്ക്ക് പോകുമെന്ന റിപ്പോർട്ടുകളെ അന്ന് അദ്ദേഹം തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ബിജെപിയാണ് ഠാക്കൂറിന്റെ ലക്ഷ്യമെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്.

“ഞങ്ങൾ ഞങ്ങളുടെ ജനങ്ങൾക്കും പാവങ്ങൾക്കുമായി സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു. എന്റെ സമുദായത്തിലെ ജനങ്ങൾ പാവങ്ങളും പിന്നോക്കക്കാരുമാണ്. അവർക്ക് സർക്കാരിന്റെ പിന്തുണയാവശ്യമുണ്ട്. അവർക്ക് അത് നൽകുവാൻ കഴിയാത്തതിൽ ഞാൻ അസ്വസ്ഥനായിരുന്നു. ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് കൊൺഗ്രസ് മനസിലാക്കിയില്ല. അവർ തുടർച്ചയായി അഴിമതി നടന്നു എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അഴിമതിയൊന്നും നടന്നിട്ടില്ല. അവരുടെയൊക്കെ മനസിലാണ് അഴിമതി. അവരുടെ മനസിന്റെ രാസസന്തുലനമാണ് തെറ്റിയത്”

അല്പേഷ് ഠാക്കൂർ എഎൻഐയോട് പറഞ്ഞു.

തിങ്കളാഴ്ച്ച ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലുമായി അല്പേഷ് ചർച്ച നടത്തിയിരുന്നു. ബയദ് മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ ധവൽസിംഗ് ഝാലയും ഈ കൂടിക്കാഴ്ച്ചയിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.