‘വൃദ്ധ സന്യാസി’ എന്ന് നാട്ടുകാര്‍ പേരിട്ട ആന ചരിഞ്ഞു; സ്വന്തം കുടുംബത്തിൽ നിന്ന് ഒരാളെ നഷ്ടപ്പെട്ട പ്രതീതിയില്‍ ഒരു ഗ്രാമവാസികൾ

single-img
28 May 2019

ഒരു അപകടത്തിലാണ് അവന്‍ അവിടെ എത്തിയത്. “വൃദ്ധ സന്യാസി” എന്നായിരുന്നു ആ ആനയ്ക്ക് നാട്ടുകാര്‍ നൽകിയ പേര്. അപകടത്തില്‍ നിന്നും ഭേദമായി തിരികെയെത്താന്‍ ഒരു ഗ്രാമം മുഴുവനും ഈ കാട്ടുകൊമ്പന് കാവൽ നിന്നു. കൃത്യമായ സമയങ്ങളില്‍ അവര്‍ ആനയ്ക്ക് ഭക്ഷണവും വെള്ളവും നൽകി. ഈ കാലത്തില്‍ ഒരിക്കൽ പോലും അവൻ അവരെയോ അവ‍ര്‍ അവനെയോ ആക്രമിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തില്ല. അതിനാൽ തന്നെ ആന ചരിഞ്ഞെന്ന് അറിഞ്ഞപ്പോൾ കുടുംബത്തിൽ നിന്ന് ആരെയോ നഷ്ടപ്പെട്ട പ്രതീതിയിലാണ് ആസാമിലെ കലിയാബോ‍ര്‍ ഗ്രാമവാസികൾ.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രെയിൻ തട്ടിയാണ് ആനയ്ക്ക് പരിക്കേൽക്കുന്നത്. ആ അപകടം മുതല്‍ കഴിഞ്ഞ ദിവസം മരണം വരെ ആന കലിയാബോ‍ര്‍ ഗ്രാമത്തിലെ അംഗമായിരുന്നു, പരിക്കില്‍ ചികിത്സയിലായിരുന്ന കാലത്ത് ഏത് നേരവും ആനയ്ക്ക് ചുറ്റും ഗ്രാമവാസികളുണ്ടാവും. ആഹാരവുമായും മുറിവിന് മരുന്ന് വയ്ക്കാൻ, വെള്ളം കൊടുക്കാൻ എല്ലാത്തിനും ഗ്രാമവാസികള്‍ ഒന്നടങ്കം മുന്നിട്ടിറങ്ങി. അതോടൊപ്പം ബ‍ുര്‍ഹ ബാബ (വൃദ്ധ സന്യാസി) എന്ന പേരും നൽകി.

പരിചരണത്തില്‍ ശരീരത്തിലെ മുറിവുണങ്ങിയ ആന കാട്ടിലും ഗ്രാമത്തിലുമായി കഴിഞ്ഞു. ഈ സമയവും ഒരിക്കലും ഗ്രാമവാസികളെ ആക്രമിച്ചില്ല. ഗ്രാമത്തിനോട് ചേ‍ര്‍ന്ന് തേങ്കാബാരി എന്ന സ്ഥലത്താണ് കൊമ്പനെ ചരി‌ഞ്‌ഞ നിലയിൽ കണ്ടെത്തിയത്. വാ‍ര്‍ദ്ധക്യ സഹജമായ അസുഖത്തെ തുട‍ര്‍ന്നാണ് ആന ചരിഞ്ഞതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോ‍ര്‍ട്ട്.