അമേഠിയിൽ സ്മൃതി ഇറാനിയുടെ സഹായിയെ കൊലപ്പെടുത്തിയത് പ്രാദേശിക രാഷ്ട്രീയ എതിരാളികളെന്ന് ഉത്തർ പ്രദേശ് ഡിജിപി

single-img
28 May 2019

അമേഠിയിൽ നിന്നും വിജയിച്ച ബിജെപി എംപി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയായിരുന്ന സുരേന്ദ്ര സിംഗിനെ കൊലപ്പെടുത്തിയത് പ്രാദേശിക രാഷ്ട്രീയ എതിരാളികളാണെന്ന് ഉത്തർ പ്രദേശ് പൊലീസ് മേധാവി ഓം പ്രകാശ് സിംഗ്.

ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാം ദിവസം രാത്രി 11:30-നാണ് അജ്ഞാതരായ രണ്ട് അക്രമികൾ 55 വയസുകാരനായ സുരേന്ദ്ര സിംഗിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

സുരേന്ദ്ര സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന രണ്ടുപേർ ഒളിവിലാണ്. ഈ അഞ്ചുപേരും പ്രാദേശിക തലത്തിൽ സുരേന്ദ്ര സിംഗിനോട് രാഷ്ട്രീയ വൈരാഗ്യമുള്ളവരാണെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

വസീം, നാസിം, ഗോലു, രാമചന്ദ്ര എന്നിവർക്കെതിരെ കൊലപാതകക്കുറ്റത്തിനും ധരംനാഥ് ഗുപ്ത എന്നയാൾക്കെതിരെ ഗൂഢാലോചനയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. 12 മണിക്കൂറിനുള്ളിൽ സുരേന്ദ്ര സിംഗിന്റെ കൊലപാതകികളെ കണ്ടെത്തണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു.