ഡബ്ല്യുസിസിയ്ക്ക് സമാനമായി തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ; പേര് ‘വോയ്സ് ഓഫ് വിമണ്‍’

single-img
27 May 2019

മലയാള സിനിമയിലെ പോലെ തെലുങ്ക് സിനിമ മേഖലയിലും വനിതാ കൂട്ടായ്മ രൂപീകരിച്ചു. മലയാളത്തിലെ ഡബ്ല്യുസിസിയ്ക്ക് സമാനമായി തെലുങ്ക് സിനിമയില രൂപീകരിച്ച വനിതാ കൂട്ടായ്മയുടെ പേര് ‘വോയ്സ് ഓഫ് വിമണ്‍’ (വി.ഒ.ഡബ്ല്യു) എന്നാണ് . നടി ലക്ഷ്മി മാഞ്ചു, നിര്‍മാതാക്കളായ സ്വപ്ന ദത്ത്, സുപ്രിയ, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി എന്നിവരാണ് സംഘടനയ്ക്ക് രൂപം നല്‍കിയത്.

തെലുങ്ക് സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എണ്‍പതിലധികം സ്ത്രീകളാണ് ഇതില്‍ അംഗങ്ങളായുള്ളത്. സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സ്ത്രീകളുടെ മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് അംഗങ്ങള്‍ വ്യക്തമാക്കി. ‘തെലുങ്ക് സിനിമാ മേഖലയിലെ സത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വോയ്സ് ഓഫ് വിമണ്‍. അഞ്ച് പേര്‍ ചേര്‍ന്നാണ് സംഘടന ആരംഭിച്ചതെങ്കിലും ഇപ്പോള്‍ 80 സ്ത്രീകളുള്ള ഒരു കുടുംബമാണ് വോയ്സ് ഓഫ് വിമണ്‍. ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താനാണ് വോയ്സ് ഓഫ് വിമണ്‍ എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്നതുപോലെ പരിഹാരം കാണുമെന്നും’ നടി ലക്ഷ്മി മാഞ്ചു പറഞ്ഞു.