ബെഗുസരായിയിൽ മുസ്ലീം യുവാവിനെ പേരു ചോദിച്ച ശേഷം വെടിവെച്ചു: പാകിസ്താനിൽ പോകാൻ ആക്രോശം

single-img
27 May 2019

ബീഹാറിലെ ബെഗുസരായിയിൽ ബൈക്കിൽ പോകുകയായിരുന്ന മുസ്ലീം യുവാവിനെ തടഞ്ഞുനിർത്തി പേരു ചോദിച്ച ശേഷം വെടിവെച്ചു. പാകിസ്താനിൽ പോകാൻ ആക്രോശിച്ചുകൊണ്ടായിരുന്നു രാജീവ് യാദവ് എന്നയാൾ മുഹമ്മദ് ഖാസിം എന്ന യുവാവിനെ വെടിവെച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.

ബെഗുസരായിയിലെ ഖാൻജഹാൻപൂർ സ്വദേശിയായ അഘാനു മിയയുടെ മകനായ മുഹമ്മദ് ഖാസിമിന് കുംഭി ഗ്രാമത്തിൽ വെച്ചാണ് വെടിയേറ്റത്.

ഒരു ഡിറ്റർജന്റ് കമ്പനിയുടെ സെയിസ്മാൻ ആയ മുഹമ്മദ് ഖാസിം ബൈക്കിൽ പോകുമ്പോൾ രാജീവ് യാദവ് എന്നയാൾ വഴിയിൽ തടഞ്ഞുനിർത്തി പേരു ചോദിക്കുകയായിരുന്നു. പേരു പറഞ്ഞയുടൻ ‘നീയൊക്കെ പാകിസ്താനിൽ പോകണം’ എന്ന് പറഞ്ഞുകൊണ്ട് തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നുവെന്ന് ഖാസിം പറയുന്നു. വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഖാസിം സംഭവം വിശദീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

രാജീവ് യാദവ് മദ്യപിച്ചിരുന്നുവെന്നും രണ്ടാമത്തെ വെടിയുതിർക്കുന്നതിനായി അയാൾ തോക്കി തിര നിറയ്ക്കുമ്പോഴേയ്ക്കും അയാളെ തള്ളിമാറ്റി താൻ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും ഖാസിം പറയുന്നു. ഖാസിമിന്റെ മുതുകിലാണ് വെടികൊണ്ടത്.

സംഭവം കണ്ടുനിന്ന ആരും തന്നെ സഹായിക്കാനെത്തിയില്ലെന്നും എങ്ങനെയോ അടുത്തുള്ള ചെറിയ-ബറിയർപൂർ പൊലീസ് സ്റ്റേഷനിൽ എത്തിപ്പെട്ടപ്പോൾ പൊലീസുകാരാണ് തന്നെ ആശുപത്രിയിലെത്തിച്ചതെന്നും ഖാസിം പറയുന്നു.

മുഹമ്മദ് ഖാസിമിന്റെ പരാതിയിന്മേൽ പ്രഥവ വിവര റിപ്പോർട്ട് തയ്യാറാക്കിയെന്നും പ്രതിയായ രാജീവ് യാദവിനായി തെരച്ചിൽ ആരംഭിച്ചെന്നും ബെഗുസരായി പൊലീസ് സൂപ്രണ്ട് അവകാശ് കുമാർ ദ ഹിന്ദു ദിനപ്പത്രത്തോട് പറഞ്ഞു.

Content Highlights: begusarai muslim man shot