മൂന്നാമത്തെ കുട്ടിയായതുകൊണ്ട് മോദിയുടെ വോട്ടവകാശം നഷ്ടപ്പെടുത്തരുത്: രാം ദേവിനോട് ഒവൈസി

single-img
27 May 2019

മൂന്നാമത്തെ കുട്ടിയ്ക്ക് വോട്ടവകാശം നൽകരുതെന്ന് ആഹ്വാനം ചെയ്ത ബാബാ രാംദേവിന് ചുട്ട മറുപടിയുമായി ഓൾ ഇന്ത്യാ മജ്ലിസ് ഇത്തിഹാദ് ഉൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസി. മൂന്നാമത്തെ കുട്ടിയുടെ പേരുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ടവകാശം നഷ്ടമാക്കരുതെന്നായിരുന്നു ഒവൈസിയുടെ മറുപടി.

തന്റെ കുടുംബത്തിലെ ആറുമക്കളിൽ മൂന്നാമനാണ് നരേന്ദ്ര മോദി എന്ന കാര്യം ഓർമ്മിപ്പിച്ചായിരുന്നു ഒവൈസിയുടെ പരാമർശം. ഇന്ത്യയിലെ ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഓരോ കുടുംബത്തിലേയും മൂന്നാമത്തെ കുട്ടിയ്ക്ക് വോട്ടവകാശവും മറ്റാനുകൂല്യങ്ങളും നിഷേധിക്കണമെന്നായിരുന്നു പതഞ്ജലി കമ്പനിയുടെ സ്ഥാപകൻ ബാബാ രാം ദേവിന്റെ പ്രസ്താവന.

” അങ്ങേയറ്റം ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ പറയുന്നവർക്കെതിരെ നടപടിയെടുക്കാൻ ഇവിടെ നിയമങ്ങളില്ല.പക്ഷേ എന്തുകൊണ്ടാണ് ബാബാ രാം ദേവിന്റെ ആശയങ്ങൾക്ക് ഇത്രയധികം ജനശ്രദ്ധ കിട്ടുന്നത്?
രാം ദേവിന് വയറുകൊണ്ടോ കാലുകൊണ്ടോ എന്തെങ്കിലും അഭ്യാസം കാണിക്കാൻ കഴിയുമെന്നത് മൂന്നാമത്തെ കുട്ടിയായതുകൊണ്ട് മാത്രം നരേന്ദ്ര മോദിയുടെ വോട്ടവകാശം നഷ്ടപ്പെടുത്തണം എന്ന് അർത്ഥമാക്കുന്നില്ല.”

ഒവൈസി ട്വീറ്റ് ചെയ്തു.

ഞായറാഴ്ച ഹരിദ്വാറിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ബാബാ രാംദേവിന്റെ വിവാദ പരാമർശം.