വെള്ളാപ്പള്ളി നടേശന്റെ ‘തല മൊട്ടയടിക്കല്‍’ പ്രവചനം തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തു: എഎം ആരിഫ്

single-img
27 May 2019

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്റെ പ്രവചനം തനിക്ക് ദേഷം ചെയ്‌തെന്ന് നിയുക്ത എംപി എഎം ആരിഫ്. ആലപ്പുഴയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോറ്റാല്‍ താന്‍ തല മൊട്ടയടിക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായില്ലെന്നും വെള്ളാപ്പള്ളിയുടെ പ്രസാതാവന തനിക്ക് ദേഷമാണ് ചെയ്തതെന്നും ആരിഫ് തുറന്നടിച്ചു. എഎം ആരിഫ്‌ ഈഴവരുടെ വോട്ടുകൊണ്ടാണ് ജയിച്ചതെന്ന വെള്ളാപ്പള്ളിയുടെ വാദം കഴിഞ്ഞ ദിവസം ആരിഫ് തള്ളിയിരുന്നു.

ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ടുകൊണ്ടല്ല താന്‍ ജയിച്ചതെന്നായിരുന്നു ആരിഫിന്റെ മറുപടി. എസ്എന്‍ഡിപി – എന്‍എസ്എസ് സംഘടനകളുടെ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചു. വെള്ളാപ്പള്ളി ഇത്തരത്തില്‍ അവകാശപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ആരിഫ് പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചെങ്കിലും കുറവുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആരിഫ് മണ്ഡലത്തില്‍ ജനകീയനാണ്. എണ്ണി നോക്കേണ്ടി വരില്ല. അദ്ദേഹംതന്നെ ജയിക്കും. ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകും’ ഇതായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍.