ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് 2017 ല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; ആദിവാസി പ്രൊഫസറെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അറസ്റ്റ് ചെയ്തു

single-img
26 May 2019

ആദിവാസി ജനങ്ങള്‍ക്ക് ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് രണ്ട് വര്‍ഷം മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആദിവാസി പ്രൊഫസറെ ഇപ്പോള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബീഫ് കഴിക്കാന്‍ ആദിവാസിവിഭാഗത്തിന് അവകാശമുണ്ടെന്ന് ജാര്‍ഖണ്ഡിലെ സാക്ചിയിലുള്ള വിമണ്‍സ് കോളേജ് പ്രൊഫസര്‍ ജീത്രായി ഹന്‍സ്ഡ പോസ്റ്റിട്ടത്.

രാജ്യത്ത് തെരഞ്ഞെടുപ്പുകാലമായതിനാലും ജീത്രായി ഒരു ആദിവാസിവിഭാഗത്തില്‍ നിന്നുള്ള വ്യക്തിയായതിനാലുമാണ് ഇന്നലെവരെ അറസ്റ്റ് നീട്ടിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹഫ്‌പോസ്റ്റ് ഇന്ത്യയോടു പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 14 ലോക്‌സഭാ സീറ്റുകളില്‍ 12 എണ്ണം ബിജെപി നേടുകയുണ്ടായി. സംസ്ഥാനം ഭരിക്കുന്നതും ബിജെപി തന്നെയാണ്.

അറസ്റ്റ് ചെയ്യപ്പെട്ട ജീത്രായി ആദിവാസി നേതാവും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ്. പശുക്കളെ ബലി നല്‍കുന്നതിനും ബീഫ് കഴിക്കുന്നതിനും പാരമ്പര്യമായി ഇന്ത്യയിലെ ആദിവാസികള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ഇങ്ങിനെ ചെയ്യുന്നത് ആദിവാസി ജനതയുടെ ജനാധിപത്യപരവും സാംസ്‌കാരികവുമായ അവകാശമാണെന്നും അദ്ദേഹം എഴുതിയിരുന്നു. ബീഫിന് പുറമേ ദേശീയപക്ഷിയായ മയിലിനെ വരെ ആദിവാസികള്‍ കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ മതവികാരം വൃണപ്പെടുത്തി, ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തി എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. അധ്യാപകനെതിരെ കോല്‍ഹാന്‍ സര്‍വകലാശാലയില്‍
ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ പരാതിയില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ സര്‍വകലാശാല തീരുമാനമെടുക്കരുത് എന്നാവശ്യപ്പെട്ട് ആദിവാസി കൂട്ടായ്മയായ മാജി പര്‍ഗണ മഹല്‍ നേതാവ് ദസ്മത് ഹന്‍സ്ഡ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കു കത്തെഴുതി.