ശബരിമലയില്‍ നാല്‍പ്പതു കിലോ സ്വര്‍ണ്ണവും നൂറു കിലോ വെള്ളിയും കാണാതായത് അതീവ ഗുരുതരമെന്ന് കെ സുരേന്ദ്രന്‍: നാളെ സ്‌ട്രോങ് റൂം തുറന്ന് പരിശോധന

single-img
26 May 2019

ശബരിമലയില്‍ 2017 മുതല്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച നാല്‍പ്പതു കിലോ സ്വര്‍ണ്ണവും നൂറു കിലോ വെള്ളിയും കാണാതായെന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍. സ്വര്‍ണവും വെള്ളിയും സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയതു സംബന്ധിച്ച രേഖകളൊന്നും കാണുന്നില്ലെന്നാണ് അറിയുന്നത്.

സ്‌ട്രോംഗ് റൂം തുറന്നു പരിശോധിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് ചെയര്‍മാനും സംഭവത്തെക്കുറിച്ച് പ്രതികരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും എവിടെയാണുള്ളതെന്ന് അറിയാന്‍ ഭക്തജനങ്ങള്‍ക്ക് അവകാശമുണ്ടെന്നു പറഞ്ഞ സുരേന്ദ്രന്‍ ഇത്ര ലാഘവത്തോടെയാണോ ഇത്തരം സുപ്രധാന വിഷയങ്ങള്‍ ശബരിമലയില്‍ കൈകാര്യം ചെയ്യുന്നതെന്നും ചോദിച്ചു.

അതേസമയം, ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തില്‍ കുറവ് കണ്ടെത്തിയ സാഹചര്യത്തില്‍ നാളെ സ്വര്‍ണം സൂക്ഷിക്കുന്ന സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തുക.

സ്വര്‍ണവും വെള്ളിയും സട്രോങ് റൂമില്‍നിന്ന് മാറ്റിയത് രേഖകളില്ലാതെയാണെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. സ്‌ട്രോങ് റൂമിലേയ്‌ക്കെത്തുന്ന സ്വര്‍ണവും വെള്ളിയും അടക്കമുള്ളവ സൂക്ഷിക്കുന്ന കാര്യത്തില്‍ ശരിയായ രേഖകളൊന്നും ഇല്ലെന്നും കൃത്യത ഇല്ലെന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. സ്വര്‍ണം സൂക്ഷിക്കുന്ന കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും ഓഡിറ്റ് വിഭാഗം പരിശോധിക്കും.

ഭക്തര്‍ വഴിപാടായി നല്‍കുന്ന സ്വര്‍ണത്തിലാണ് കുറവ്. ഭക്തര്‍ സ്വര്‍ണം നല്‍കുമ്പോള്‍ രസീത് നല്‍കും. പിന്നീട് ഈ സ്വര്‍ണത്തിന്റെ കണക്ക് നാലാം നമ്പര്‍ രജിസ്റ്ററിലും രേഖപ്പെടുത്തും. പിന്നീട് സ്വര്‍ണം സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുമ്പോള്‍ എട്ടാം ഫോറത്തിലും ഈ കണക്കുകള്‍ രേഖപ്പെട്ടുത്തും. എന്നാല്‍ ഇപ്പോള്‍ നഷ്ടപ്പെട്ട സ്വര്‍ണവും വെള്ളിയും ലഭിച്ചുവെന്ന് രേഖകള്‍ ഉണ്ടെങ്കിലും ഇത് സ്‌ട്രോംഗ് റൂമിലേയ്ക്ക് മാറ്റിയതിന് തെളിവില്ല.