എന്നാലും സരിത എസ് നായര്‍ക്ക് അമേഠിയില്‍ പോസ്റ്റല്‍ വോട്ട് ഇട്ടത് ആരാണ് ?; 569 വോട്ടുകള്‍ കിട്ടിയതെങ്ങനെ ?

single-img
26 May 2019

അമേഠിയില്‍ സ്മൃതി ഇറാനിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ മത്സരിച്ച സരിത നായര്‍ നേടിയത് 569 വോട്ടുകള്‍. ഇതില്‍ ഒരെണ്ണം പോസ്റ്റല്‍ വോട്ട്. ആരാണ് പോസ്റ്റല്‍ വോട്ട് ഇട്ടതെന്നറിയാനുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ അത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ആകെയുള്ള 28 സ്ഥാനാര്‍ത്ഥികളില്‍ 13 പേര്‍ മാത്രമാണ് പോസ്റ്റല്‍ വോട്ട് നേടിയത്. സ്മൃതിക്ക് 916 ഉം രാഹുലിന് 527 ഉം നോട്ടയ്ക്ക് 9 ഉം പോസ്റ്റല്‍ വോട്ടുകളാണ് ലഭിച്ചത്. പോസ്റ്റല്‍ വോട്ടിന്റെ കാര്യത്തില്‍ നോട്ടയാണ് മൂന്നാം സ്ഥാനത്ത്. ഇക്കാര്യത്തില്‍ എട്ടാം സ്ഥാനത്താണ് സരിത എത്തിയത്.

ആകെ മൊത്തം സരിത എസ് നായര്‍ 569 വോട്ടുകളാണ് അമേഠിയില്‍ സ്വന്തമാക്കിയത്. ഇവിടെ മത്സരിച്ചവരില്‍ ഏറ്റവും പിന്നിലായില്ല സരിത എന്നതാണ് മറ്റൊരു വസ്തുത. രണ്ടുപേര്‍ക്ക് സരിതയെക്കാള്‍ കുറവ് വോട്ടാണ് ലഭിച്ചത്.

കേരളത്തില്‍ പത്രിക നിരസിച്ച ശേഷമാണ് സരിത അമേഠിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായായിരുന്നു പച്ചമുളക് ചിഹ്നത്തില്‍ സരിത മത്സരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്‌സുകളും അയക്കുന്നുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും എറണാകുളം കളക്ടറേറ്റില്‍ നാമനിര്‍ദ്ദേശപത്രിക വാങ്ങാന്‍ എത്തിയപ്പോള്‍ സരിത പറഞ്ഞിരുന്നു.

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത എസ് നായര്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു. തട്ടിപ്പുകാരി എന്ന് പറഞ്ഞ് എല്ലാ തെരഞ്ഞെടുപ്പ് കാലത്തും പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. ഈ നടപടിയെ ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും അല്ലാതെ ജയിച്ച് എംപിയായി പാര്‍ലമെന്റില്‍ പോയി ഇരിക്കാനല്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നേരത്തെ, രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടിലും ഹൈബി ഈഡന്‍ സ്ഥാനാര്‍ഥിയായ എറണാകുളത്തും മത്സരിക്കുന്നതിനു വേണ്ടി സരിത നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഹാജരാക്കാതിരുന്നതിനെ തുടര്‍ന്ന് ഈ രണ്ടു മണ്ഡലങ്ങളിലും സരിതയുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയിരുന്നു.