തനിക്ക് നീതി ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ്

single-img
26 May 2019

സിപിഎം നേതാവ് എ. വിജയരാഘവനെതിരായ പരാതിയില്‍ വനിതാ കമ്മിഷനില്‍നിന്നു നീതി ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ്. പരാതിയില്‍ തന്നെ വിളിക്കാന്‍ പോലും തയാറായിട്ടില്ല. യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചു പരാതിയുമായി മുന്നോട്ടു പോകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിലാണ് രമ്യാ ഹരിദാസ് ഇക്കാര്യം പറഞ്ഞത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രമ്യയ്‌ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ വിവാദ പ്രസ്താവന. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നെ ഓടിയത് പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നുമായിരുന്നു വിജയരാഘവന്റെ വിമര്‍ശനം. ആ കുട്ടിയുടെ കാര്യം എന്താകുമെന്നു പറയുന്നില്ലെന്നും പൊന്നാനിയിലെ എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ വിജയരാഘവന്‍ പറഞ്ഞിരുന്നു.

അതിനിടെ, ആലത്തൂരില്‍ പികെ ബിജുവിന്റെ തോല്‍വിയ്ക്ക് കാരണം രമ്യ ഹരിദാസിനെതിരായുള്ള എ വിജയരാഘവന്റെ പരാമര്‍ശമെന്ന് എകെ ബാലന്‍. രമ്യ ഹരിദാസിനെതിരായ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാകാം. ഇതില്‍ പാര്‍ട്ടി തലത്തില്‍ സമഗ്ര അന്വേഷണമുണ്ടാകും. വിജയരാഘവന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും ഇത് വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്.

അതേസമയം, പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതായി രാജേഷ് അഭിപ്രായപ്പെട്ടിട്ടില്ല. ചെര്‍പ്പുളശ്ശേരി സംഭവത്തിലും, കൊടുവാള്‍ സംഭവത്തിലും ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് രാജേഷ് പറഞ്ഞത്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നും എകെ ബാലന്‍ പറഞ്ഞു.

നേരത്തെ, തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ശബരിമല വിഷയത്തിലും ഇടതു മുന്നണിയിലെ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് കേരള കോണ്‍ഗ്രസ് ബി നേതാക്കള്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിജയരാഘവനെ വിമര്‍ശിച്ച് എ.കെ.ബാലന്‍ തന്നെ രംഗത്ത് വന്നത്.