തോല്‍വിക്കു പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

single-img
26 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുതിര്‍ന്ന നേതാക്കളെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പി ചിദംബരം എന്നിവര്‍ക്കെതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

മൂന്ന് പേരും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. മൂന്ന് പേരും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും മക്കള്‍ക്കു വേണ്ടിയാണ് പ്രചാരണം നടത്തിയതെന്നുമാണ് പ്രധാനമായും ഉന്നയിച്ച വിമര്‍ശനം. രാജസ്ഥാനില്‍ വിജയം സാധ്യമായിരുന്നുവെങ്കിലും അശോക് ഗെലോട്ട് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നാണ് ആരോപണം.

അശോക് ഗെലോട്ട് മുഖ്യമന്ത്രിയായതിന് ശേഷമാണ് മകന്‍ വൈഭവ് ഗെലോട്ടിനെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കാനുള്ള ശ്രമം നടത്തിയത്. തെരഞ്ഞെടുപ്പില്‍ ജോദ്പൂരില്‍ നിന്നും മത്സരിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കര്‍ഷകരുടെ കടം എഴുതി തള്ളിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കുന്നതിന് പകരം മകന്റെ വിജയത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിച്ചു എന്നതാണ് ആക്ഷേപം.

വൈഭവിന് വേണ്ടി അശോക് ഗെലോട്ട് പ്രചാരണ രംഗത്ത് സജീവമായിട്ടും പരാജയമായിരുന്നു ഫലം. ഇതും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. മധ്യപ്രദേശിന്റെ കാര്യമെടുക്കുകയാണെങ്കില്‍ അവിടെയും കോണ്‍ഗ്രസിനാണ് ഭരണം. അത് വേണ്ട രീതിയില്‍ വിനിയോഗിക്കപ്പെട്ടില്ലെന്ന് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു.

ചിന്ദ്വാരയില്‍ മകന്‍ നകുല്‍ നാഥിന് വേണ്ടിയായിരുന്നു കമല്‍ നാഥിന്റെ പ്രവര്‍ത്തനം. സംസ്ഥാനത്ത് പാര്‍ട്ടിക്ക് വേണ്ടി മതിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ല. കമല്‍ നാഥ് മുഖ്യമന്ത്രിയായ ശേഷമാണ് നകുലിനെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. കമല്‍ നാഥിന്റെ പ്രവര്‍ത്തനം മകന് വേണ്ടി ചിന്ദ്വാരയില്‍ മാത്രം ഒതുങ്ങി. മറ്റ് മണ്ഡലങ്ങളില്‍ കമല്‍നാഥ് വേണ്ട ശ്രദ്ധ ചെലുത്തിയില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

ഇതേ വിമര്‍ശനമാണ് ചിദംബരത്തിനെതിരേയും ഉയര്‍ന്നിരിക്കുന്നത്. മകന്‍ കാര്‍ത്തിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ചിദംബരം ഇടപെട്ടുവെന്നും ശിവഗംഗയില്‍ മാത്രം പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിദംബരത്തെ ഡല്‍ഹിയില്‍ പോലും കാണാന്‍ കഴിയാത്ത അവസ്ഥയുണ്ടായെന്നും രാഹുല്‍ വിമര്‍ശിച്ചു.

നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് രാഹുല്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താനായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നത്. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം പാര്‍ട്ടി അധ്യക്ഷനെ ചുതമലപ്പെടുത്തിയിരുന്നു. നേരത്തെ യോഗത്തില്‍ രാഹുല്‍ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രവര്‍ത്തക സമിതി തള്ളിയിരുന്നു.