വോട്ടിംഗ് മെഷീനുകളില്‍ കുഴപ്പങ്ങളില്ല; രാജ്യത്തെ വോട്ടര്‍മാര്‍ക്കും പാര്‍ട്ടികള്‍ക്കും നന്ദി അറിയിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
26 May 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുണ്ടെന്ന വാദം ഈ തെറ്റെന്ന് തെളിഞ്ഞതായി തെരഞ്ഞെടുപ്പ് കമ്മിഷൻ.വോട്ടിംഗ് മെഷീനുകളും വിവി പാറ്റ് രസീതുകളും ഒത്ത് നോക്കിയപ്പോള്‍ രാജ്യത്തെ ഒരു ബൂത്തിലും പൊരുത്തക്കേടുണ്ടായില്ലെന്ന് കമ്മീഷന്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ച വോട്ടര്‍മാര്‍ക്കും പാര്‍ട്ടികള്‍ക്കും നന്ദി അറിയിച്ച് കമ്മീഷൻ മാധ്യമങ്ങളിൽ പരസ്യം നല്‍കി.

വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് ആരോപിച്ച് രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ എല്ലാ ബൂത്തിലെയും വിവി പാറ്റു രസീതുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും ഒത്തു നോക്കണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു ബൂത്തുകളിലെ വി വി പാറ്റ് രസീതുകള്‍ എണ്ണിയാൽ മതിയെന്ന് സുപ്രീം കോടതി നിര്‍ദേശമാണ് ഇത്തവണത്തെ വോട്ടെണ്ണലിൽ കമ്മിഷൻ നടപ്പാക്കിയത്.

ഈ നിര്‍ദ്ദേശത്തില്‍ രാജ്യത്താകമാനം 20625 വിവിപാറ്റുകളിലെ രസീതുകള്‍ എണ്ണി. ഒരിടത്ത് പോലും ഇവിഎമ്മിലെ വോട്ടുകളും വിവി പാറ്റ് രസീതുകളും തമ്മിൽ പൊരുത്തക്കേട് കണ്ടെത്താനായില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർമാര്‍ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.